Asianet News MalayalamAsianet News Malayalam

കൊവിഡ് ചട്ടം ലംഘിച്ച് ആദ്യം ബെല്ലി ഡാൻസ്, ഇപ്പോൾ ലോറികളുമായി ബെൻസ് കാറിൽ ഷോ!

ഇടുക്കി രാജാപ്പാറയിൽ അർദ്ധരാത്രി ബെല്ലി ഡാൻസ് നടത്തി വിവാദത്തിലായ അതേ ക്വാറിയുടമയാണ് കാറിന് പിന്നാലെ ലോറികൾ കൂട്ടിക്കെട്ടി കോതമംഗലത്ത് റോഡ് ഷോ നടത്തിയത്.
 

road show by thannikode granites owner roy kurian violating covid protocol
Author
idukki, First Published Jul 28, 2020, 5:36 PM IST

കോതമംഗലം: ആദ്യം ബെല്ലി ഡാൻസ്, ഇപ്പോൾ ബെൻസ് കാറിന് മുകളിൽ കയറി ഇരുന്ന് എട്ട് ലോറികൾ കൂട്ടിക്കെട്ടി ടൗണിലൂടെ റോഡ് ഷോ! ഇടുക്കിയിലെ രാജാപ്പാറയിൽ പുതിയ ക്വാറി തുറന്നതിന്‍റെ ആഘോഷമായിട്ടാണ് ബെല്ലി ഡാൻസും നിശാപാർട്ടിയും നടത്തിയതെങ്കിൽ ഇത്തവണ തണ്ണിക്കോട്ട് ഗ്രാനൈറ്റ്‍സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ റോയ് കുര്യൻ പുതിയ ലോറികളും ബെൻസ് കാറും വാങ്ങിയതിന്‍റെ ആഘോഷമാണ് റോഡ് ഷോയിലൂടെ നടത്തിയത്. 

കോതമംഗലത്ത് ബെൻസ് കാറിന് പിന്നിൽ എട്ട് ലോറികൾ കൂട്ടിക്കെട്ടിയാണ് റോയ് കുര്യൻ റോഡിലൂടെ 'ഷോ' നടത്തിയത്. ഇന്നലെയാണ് റോയ് കുര്യന് പുതിയ ലോറികളും ബെൻസ് കാറും പുതുതായി ഡെലിവറി നടത്തിയത്. തുടർന്ന് ഈ കാറിന്‍റെയും ലോറികളുടെയും ഫോട്ടോഷൂട്ട് നടത്തി. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതിന് ശേഷം, വാഹനങ്ങൾ നാട്ടുകാരെ കാണിക്കാനായി ഭൂതത്താൻ കെട്ടിൽ നിന്ന് കോതമംഗലം വരെ കൂട്ടത്തോടെ റോഡ് ഷോയായി കൊണ്ടുവരികയായിരുന്നു. 

ബെൻസ് കാറിന് മുകളിൽ കയറി നാട്ടുകാരെ കൈവീശിക്കാണിച്ചാണ് റോയ് കുര്യൻ റോഡിലൂടെ പോയത്. കോതമംഗലം ടൗൺ മുഴുവൻ ഇയാൾ ഇതുമാതിരി ഷോ നടത്തി. അപ്പോഴേയ്ക്ക് പൊലീസ് വിവരമറിഞ്ഞെത്തി. വാഹനങ്ങൾ തടഞ്ഞു. പുതിയ എട്ട് ലോറികളിലെ ഡ്രൈവർമാർക്കും പിന്നിലുണ്ടായിരുന്ന ഒരു പഴയ ലോറിയിലെ ഡ്രൈവർക്കുമെതിരെ കേസെടുത്തു. ഒപ്പം റോയ് കുര്യനെതിരെയും കേസ് റജിസ്റ്റർ ചെയ്തു. അപകടകരമായി വാഹനമോടിച്ചു, കൊവിഡ് ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞ മാസം 28-ാം തീയതിയാണ് തണ്ണിക്കോട്ട് മെറ്റൽസിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടായ ജംഗിൾ പാലസിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും റോയ് കുര്യൻ നടത്തിയത്. സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നേതാവടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നു. സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്‍റും, കോൺ​ഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റുമായ ജെയിംസ് തെങ്ങുംകുടിയാണ് പാർട്ടിയ്ക്ക് വന്നത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലി ഡാൻസിനായി വിളിച്ച നർത്തകി യുക്രൈൻ സ്വദേശിനിയായിരുന്നു. വിസാ ചട്ടം ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തതിന് ഇവർക്കെതിരെയും കേസെടുത്തിരുന്നു. കൊവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടിയിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു. മദ്യസൽക്കാരവും നടന്നു. ഈ കേസ് റജിസ്റ്റർ ചെയ്ത് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ഇതേ ക്വാറിയുടമയുടെ രണ്ടാമത്തെ 'ഷോ'.

Follow Us:
Download App:
  • android
  • ios