Asianet News MalayalamAsianet News Malayalam

സെൻട്രൽ ജയിലിലെ മോഷണം: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

സെന്‍ട്രൽ ജയിലിന്‍റെ പ്രധാന കവാടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുറത്തിറങ്ങിയ അന്തേവാസികളിലേക്ക് നീങ്ങിയത്. 

robbery in kannur central prison
Author
Kannur, First Published Apr 23, 2021, 4:10 PM IST

കണ്ണൂർ: കണ്ണൂർ സെന്‍ട്രൽ ജയിലിൽ  മോഷണം നടത്തിയ ആളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ഉത്തര മേഖല ഡിഐജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് റിപ്പോർട്ട് ആവശ്യപ്പെട്ടു.

സെന്‍ട്രൽ ജയിലിന്‍റെ പ്രധാന കവാടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുറത്തിറങ്ങിയ അന്തേവാസികളിലേക്ക് നീങ്ങിയത്.  ഭക്ഷ്യ നി‍ർമ്മാണ യൂണിറ്റിൽ ജോലി ചെയ്ത് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് പ്രധാനമായും സംശയിക്കുന്നത്.  കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്വദേശികളായ ഇവർ നേരത്തെ ജയിലിലായതും മോഷണ കേസുകളിലാണ്. ഫുഡ് കൗണ്ടറുകളിൽ നിന്നുള്ള പണം എവിടെ സൂക്ഷിക്കുന്നുവെന്ന് ഇവർക്ക് അറിവുണ്ടായിരുന്നു. 

മോഷണം നടന്ന ഓഫീസ് മുറിയിൽ നിന്ന് കിട്ടിയ വിരലടയാളവും പുറത്തിറങ്ങിയ പ്രതികളുടെ വിരലടയാളങ്ങളും പൊലീസ് ഒത്തുനോക്കുകയാണ്. സ്ക്രൂ ഡ്രൈവർ കൊണ്ടാണ് പണം സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് തകർത്തത്. പുറത്തിറങ്ങിയ ജയിൽ അന്തേവാസികളിൽ ഒരാളുടെ മോഷണ രീതിയും സമാനമാണ്. ജയിൽ പരിസരവുമായി വളരെ അടുത്ത ബന്ധമുള്ള ആളായത് കൊണ്ടാണ് ഓഫീസിനു മുന്നിലെ നായ്ക്കൾ കുരയ്ക്കാത്തതെന്ന് ജീവനക്കാരും പറയുന്നു. 

പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് കണ്ണൂ‍ർ ടൗണ്‍ പൊലീസ് വ്യക്തമാക്കി. അതീവ സുരക്ഷ വേണ്ട സ്ഥലത്ത് മോഷണം നടന്നത് ജയിൽ വകുപ്പിന് വലിയ നാണക്കേടായിരിക്കുകയാണ്. സുരക്ഷ വീഴ്ചയുണ്ടായോന്ന് പരിശോധിക്കാൻ ജയിൽ ഡിജിപി ഉത്തരമേഖല ഡിഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios