പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെ. സർക്കാർ വാഹനത്തിലെത്തി അതിക്രമം കാണിച്ച ഡ്രൈവർ സന്തോഷിനെ പരാതിക്കാരിയായ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിന് അറസ്റ്റിലായ സന്തോഷിനെ മ്യൂസിയം കേസിലും അറസ്റ്റ് ചെയ്യും.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോൺത്തും മ്യൂസിയത്തും അതിക്രമം നടത്തിയത് ഒരാൾ തന്നെയെന്ന സംശയമാണ് ഇപ്പോൾ ശരിയായത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോ‍ർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലാണ്. 

ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു, പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തി. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിനെ മൊബൈൽ ടവ‌ർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വനിതാ ഡോക്ചർ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെ ഉറപ്പിച്ചു. സന്തോഷിനെ കുറവൻകോണത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

കുറവന്‍കോണത്ത് വീട്ടിലെ അതിക്രമം; റോഷി അഗസ്റ്റിന്‍റെ പിഎസിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍

അന്വേഷണം നടക്കുന്നതിനിടെ സന്തോഷ് കുറവൻകോണത്തെ വീട്ടിൽ വീണ്ടും കയറിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിൽ സന്തോഷിൻറെ മുഖം കൂടുതൽ കൃത്യമായിരുന്നു. പൊലീസ് നിരീക്ഷണത്തിനിടെ സന്തോഷ് കബളിപ്പിക്കാനായി തല ഇക്കഴിഞ്ഞ ഞായറാഴ്ച തല മൊട്ടയടിച്ചു. ഇന്നലെ ഉച്ചയോടെ സെക്രട്ടറിയേറ്റിനുള്ളിൽ നിന്നാണ് പേരൂർക്കട പൊലീസ് സന്തോഷിനെയും ഇന്നോവാ കാറിനൊപ്പം കസ്റ്റഡിയിലെടുത്തത്. പേരൂർക്കട കേസിൽ ഇന്നലെ അറസ്റ്റ് നടന്നെങ്കിലും മ്യൂസിയം പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ആ കേസിലും സംശയിക്കുന്ന സന്തോഷിനെ ഇന്നലെ മ്യൂസിയം പൊലീസ് ചോദ്യം ചെയ്തില്ല. പരാതിക്കാരിയെ കൊണ്ടുവന്ന് ഇന്നലെ തന്നെ പ്രതിയാണെന്ന് ഉറപ്പിച്ചതുമില്ല. നഗരത്തിൻ്റെ പല ഭാഗത്തും രാത്രിയിലും പുലർച്ചെയും നിരവധി വീടുകളിൽ ഒരാൾ കയറിയെന്ന പരാതി ഉയർന്നിരുന്നു. അതും സന്തോഷ് തന്നെയാണെന്ന സംശയമുണ്ട്.