പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 3,500 കിലോ ഗ്രാം പഴകിയ മീൻ പിടികൂടി. ഒഡിഷയില്‍ നിന്ന് ചാവക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നു മീൻ. പുഴുവരിച്ചു തുടങ്ങിയ മീനിന് ആഴ്ചകളോളം പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് എടുത്തശേഷം മീൻ നശിപ്പിച്ചു. ദിവസങ്ങളോളമായി പരിശോധന നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും കൂടുതല്‍ മീൻ വാളയാറില്‍ നിന്നും പിടിച്ചെടുക്കുന്നത്. 

അതേ സമയം കൂത്താട്ടുകുളം മാർക്കറ്റിലെ മീൻ സ്റ്റാളുകളിൽ നിന്ന് 800 കിലോ പഴകിയ മീൻ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. പഴകിയ മീൻ സൂക്ഷിച്ചതിന് വിൽപ്പനക്കാർക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ അറിയിച്ചു. കൂത്താട്ടുകുളം നഗരസഭയുടെ കീഴിലെ പുതിയ മാർക്കറ്റിലെ പതിനഞ്ചോളം സ്റ്റാളുകളിൽ നിന്നാണ് പഴകിയ 800 കിലോ മീൻ കണ്ടെത്തിയ്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഇവിടെ വിൽപ്പന നടന്നിരുന്നില്ല. ചാക്കും പടുതയും കൊണ്ട് മീൻ മൂടിവച്ച നിലയിലായിരുന്നു. ഒരാഴ്ചയായി തെരുവുനായ്ക്കൾ കെട്ടുകൾ കടിച്ചുവലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. രൂക്ഷമായ ദുർഗന്ധം കൂടി അനുഭവപ്പെട്ടതോടെയാണ് നഗരസഭ ആരോഗ്യവിഭാഗം ഇവിടെ പരിശോധന നടത്തിയത്. ചെമ്മീൻ, സ്രാവ്,അയല തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തതിൽ ഏറെയും. പിടിച്ചെടുത്ത പഴകിയ മീൻ നഗരസഭയുടെ ഡംപിഗ് യാ‍ർഡിൽ കുഴിച്ചുമൂടുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.