തിരുവനന്തപുരം: തിരുവനന്തപുരം സബ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെ റിമാൻഡ് പ്രതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മെയ് 11 മുതൽ 24 വരെ ഇയാൾ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. 

തമിഴ്നാട്ടിൽ നിന്ന് മദ്യം കടത്തിയതിനാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള ഭൂരിഭാ​ഗം ആളുകളെയും കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം,സംസ്ഥാനത്ത് റിമാൻഡ് തടവുകാരെ ഇനി നേരിട്ട് ജയിലിൽ പ്രവേശിപ്പിക്കില്ല.  റിമാൻഡിലുള്ള പ്രതികളെ പാർപ്പിക്കാൻ 14 ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങി. കണ്ണൂരിലും തിരുവനന്തപുരത്തും റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.

സർക്കാർ-സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളുമാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണെങ്കിൽ മാത്രമേ ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോകൂ. ജയിൽ ഉദ്യോ​ഗസ്ഥർക്കാണ് ഈ പ്രത്യേക കേന്ദ്രങ്ങളുടെ സംരക്ഷണ ചുമതല.