ജാഗ്രത തുടരുന്നു; നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
സെപ്റ്റംബർ എട്ടിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30-ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി.

കോഴിക്കോട്: സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നു. ചെറുവണ്ണൂര്‍ സ്വദേശിക്ക് കൂടി നിപാ ബാധ സ്ഥീരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിൽ രണ്ട് പേർ മരണപ്പെട്ടു. നിലവിൽ നാല് നിപ ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, ഇന്ന് സ്ഥിരീകരിച്ച 39 വയസുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.
സെപ്റ്റംബർ എട്ടിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചെലവഴിച്ച ഇദ്ദേഹം ഉച്ചയ്ക്ക് 12.30-ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി. ഉച്ചക്ക് യുകെ ചായക്കടയിലും വൈകീട്ട് 5.30-ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദർശനം നടത്തിയശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.
സെപ്റ്റംബർ ഒമ്പതിനും രാവിലെ ഇദ്ദേഹം ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തിയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രിയിലെത്തിയ ഇദ്ദേഹം തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് വീണ്ടും ഫറോക്കിലെ ടി പി ആശുപത്രിയിൽലെത്തി. 5.30 മുതൽ 6 മണി വരെ അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് തിരിച്ച് പോയി. സെപ്റ്റംബർ 10ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 11-ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയിൽ ഫറോക്കിലെ ടി.പി. ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിൽ ചെലവഴിച്ചു. സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12.30 ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.