Asianet News MalayalamAsianet News Malayalam

മാറ്റി നിര്‍ത്തല്‍ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക

വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കോട്ടയത്തുള്ള ഗവർണർക്ക് പരാതി നൽകാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. 

Row Over Alleged Casteism, One PhD Scholar Has Been on Hunger Strike For 10 days
Author
MG University, First Published Nov 7, 2021, 6:59 AM IST
  • Facebook
  • Twitter
  • Whatsapp

കോട്ടയം: എംജി സർവകലാശാലയിലെ  (mg university )  ദളിത് ഗവേഷകയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോക്ടർ നന്ദകുമാര്‍ കളരിക്കല്‍ (Nandakumar Kalarickal) മാറ്റിയതിനാൽ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ.ബിന്ദു ഇന്നലെ രാത്രി വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. 

വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കോട്ടയത്തുള്ള ഗവർണർക്ക് പരാതി നൽകാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. അതിനിടെ സമരത്തിന് പിന്തുണ കൂടുകയാണ്. ഇന്നലെ രാത്രി ആർഎംപി നേതാവ് കെകെ രമ സമരപ്പന്തലിലെത്തി. വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുമെന്ന് രമ പറഞ്ഞു. 

അതേ സമയം ഗവേഷക വിദ്യാർത്ഥി ജാതി വിവേചന പരാതി ഉന്നയിച്ച എം ജി സർവകലാശാലയിലെ അധ്യപകനെ മാറ്റി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ്  മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയൻസ് ഡിപ്പാർട്ട്മെൻറ് ചുമതല വിസി ഏറ്റെടുത്തു.  വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ച് എംജി സർവകലാശാല വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ  വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണറെ അറിയിച്ചു. 

അതേ സമയം നന്ദകുമാർ കളരിക്കലിനെതിരെയുള്ള സർവകലാശാലയുടെ നടപടി കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് ഗവേഷക വിദ്യാർഥിനി  പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സർവകലാശാല വൈസ് ചാൻസിലർ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. 

നന്ദകുമാറിനെതിരെ ദുരുതര ആരോപണങ്ങളാണ് സർവ്വകലാശാലയിൽ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാൽ ദീപയുടെ പ്രവേശനം തടയാൻ കഴിഞ്ഞില്ല. 2012 ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ 2015 ലാണ് ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. 

നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്. ദീപയുടെ സമരം ശ്രദ്ധ നേടിയതോടെ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കേണ്ടി വരികയായിരുന്നു.  അദ്ധ്യാപകനെ മാറ്റിനിർത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവ്വകലാശാലയ്ക്കുള്ള തടസമെന്താണെന്നും ആരാഞ്ഞു. 
 

Follow Us:
Download App:
  • android
  • ios