പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി പ്രശാന്ത് ശിവനെ തെരഞ്ഞെടുത്ത നിലപാടിൽ പ്രതിഷേധിച്ച നേതാക്കളെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെട്ടു
പാലക്കാട്: പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്എസ് ഇടപെട്ടു. ഇതിന് പിന്നാലെ ബിജെപിക്കൊപ്പം നിൽക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ വ്യക്തമാക്കി. രാജിക്കില്ലെന്നും അവർ പറഞ്ഞു. കൗൺസിലർമാർ അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡൻ്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും പ്രതികരിച്ചു.
ഇടഞ്ഞു നിൽക്കുന്ന കൗൺസിലർമാരെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിന് നഗരസഭയിലെ ഒൻപത് കൗൺസിലർമാരാണ് രാജികത്ത് നൽകാൻ ഒരുങ്ങിയത്. യുവമോർച്ച ജില്ലാ പ്രസിഡൻ്റായ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻ്റ് ആക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് ഇവരുടെ ആക്ഷേപം. പ്രശാന്തിനെ ജില്ലാ പ്രസിഡൻ്റായി പ്രഖ്യാപിച്ചാൽ മുനിസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ ബി ജെ പി ഭരിക്കുന്ന നഗരസഭ ഭരണം തുലാസിലാകുന്ന സ്ഥിതി വന്നതോടെയാണ് ആർഎസ്എസ് ഇടപെടൽ. രാവിലെ 10 മണിക്ക് പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്റിനെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിൽ വച്ചും വെസ്റ്റ് ജില്ല പ്രസിഡന്റിനെ ഉച്ചക്ക് 2.30ന് പാലക്കാട് വ്യാപാര ഭവനിൽ വച്ചും പ്രഖ്യാപിക്കും.
