Asianet News MalayalamAsianet News Malayalam

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്‌ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

സന്തോഷും സുഹൃത്ത് കോതച്ചിറ മാണിക്കംകുന്ന് മുണ്ടോട്ടിൽ വിപീഷും 2017 ഒക്ടോബർ 26 ന് രാവിലെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം

RSS worker murder attempt SDPI activists lifetime imprisonment kgn
Author
First Published Sep 18, 2023, 6:39 PM IST

പാലക്കാട്: പട്ടാമ്പി ചാലിശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ചാലിശ്ശേരി ചാഴിയാട്ടിരി മതുപ്പുള്ളി പതിയാട്ടു വളപ്പിൽ ഇസ്മായിൽ, മതുപ്പുള്ളി മാണിയംകുന്നത്ത് അനീസ്  എന്നിവർക്കാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പട്ടികജാതി വിഭാഗക്കാരനായ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വെട്ടി പരുക്കേൽപ്പിച്ച കേസിലാണ് ശിക്ഷ.

സന്തോഷും സുഹൃത്ത് കോതച്ചിറ മാണിക്കംകുന്ന് മുണ്ടോട്ടിൽ വിപീഷും 2017 ഒക്ടോബർ 26 ന് രാവിലെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പ്രതികൾ ഇവരെ തടഞ്ഞ് നിർത്തി സന്തോഷിനെ വാൾ കൊണ്ട് വെട്ടി മാരകമായി പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. സന്തോഷ് ആർഎസ്എസ് ശാഖ നടത്തുന്നതിലെ വിരോധവും രണ്ടാം പ്രതി അനീസിന്റെ സഹോദരൻ അസ്കറിനെ ആക്രമിച്ചത് സന്തോഷാണെന്ന് കരുതിയുമാണ് ആക്രമിച്ചതെന്നാണ് കുറ്റപത്രം. 

ആദ്യത്തെ വെട്ടിൽ ഇരുവരും ബൈക്കിൽ നിന്ന് താഴെ വീണു. രണ്ടാമത്തെ വെട്ടിൽ സന്തോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീണ്ടും വെട്ടിയെങ്കിലും തടുത്തതിനാൽ പരിക്കേറ്റില്ല. സമീപത്തെ വീട്ടിൽ ഓടിക്കയറിയാണ് സന്തോഷ് രക്ഷപ്പെട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിപീഷിന് ആക്രമണത്തിൽ കാര്യമായി പരിക്കേറ്റിരുന്നില്ല. സംഭവത്തിൽ പ്രതികൾക്കെതിരെ പട്ടികജാതി-പട്ടിക വർഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമം 3 (2) 5  വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും 25000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 307 വകുപ്പ് അനുസരിച്ച് പത്ത് വർഷം തടവും 25000 രൂപ പിഴയും 506 വകുപ്പ് അനുസരിച്ച് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും 341 വകുപ്പ് അനുസരിച്ച് ഒരു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും മണ്ണാർക്കാട് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ വിധിയിൽ വ്യക്തമാക്കി.

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

Follow Us:
Download App:
  • android
  • ios