സഹോദരി ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു.

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദിൻ്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്ന് പൊലീസ് എഫ്ഐആർ. ബന്ധുവിൻ്റെ മൊഴിയിലാണ് പൂജപ്പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹോദരി ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് തൻ്റെ അറിവെന്നാണ് സഹോദരി ഭർത്താവിൻ്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ് അപ്പ് കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യും. ആനന്ദിൻ്റെ ഫോണിൽ നിന്ന് വിവരങ്ങൾ തേടാനാണ് പൊലീസിൻ്റെ തീരുമാനം. ആത്മഹത്യാകുറിപ്പിൽ പറയുന്ന ബിജെപി, ശിവസേന നേതാക്കളുടെ മൊഴിയും എടുക്കും. ആനന്ദ് ശബ്ദ സന്ദേശം അയച്ചവരുടേയും മൊഴിയെടുക്കും.

ആനന്ദ് കെ തമ്പിയുടെ പോസ്സ്മോർട്ടം ഇന്ന്

കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ പോസ്സ്മോർട്ടം ഇന്ന്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. തനിക്ക് പകരം തൃക്കണ്ണാപുരം വാർഡിൽ ബിജെപി ആർഎസ്എസ് പ്രാദേശിക നേതൃത്വം, മണ്ണ് മാഫിയക്കാരനെ സ്ഥാനാർത്ഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക നേതാക്കളുടെ പേര് പരാമർശിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ആത്മഹത്യ കുറിപ്പ്.ഇന്നലെ വൈകീട്ട് നാലേകാലോടെ സുഹൃത്തുക്കൾക്ക് ആത്മഹത്യ കുറിപ്പ് വാട്സ്ആപ്പിൽ അയച്ചതിന് ശേഷം ആനന്ദ് ആത്മഹത്യക്ക് ശ്രമിച്ചത്. വാട്സ്ആപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ്,തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡിൽ ആനന്ദിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സ്ഥാനാർത്ഥിയാക്കാനുള്ള പരിഗണന പട്ടികയിൽ ആനന്ദിന്റെ പേരുണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.

YouTube video player