Asianet News MalayalamAsianet News Malayalam

തിരിച്ചടവിൽ കൈമലർത്തി റബ്കോയും റബർമാർക്കും; റബ്‍കോ അടയ്ക്കേണ്ടത് 238 കോടി, റബര്‍മാര്‍ക്ക് 41 കോടി

കേരള ബാങ്ക് രൂപീകരണ സമയത്താണ് റബ്കോ റബ്ബർമാർക്ക് മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യത സർക്കാർ അടച്ചുതീർത്തത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജീല്ലാ സഹകരണ ബാങ്കുകളിലെയും വായ്പകൾ കോടികളുടെ പലിശ ഒഴിവാക്കി ഒറ്റത്തവണയിൽ അടച്ച് സർക്കാർ തീർപ്പാക്കി. 

Rubco and Rubber Mark make due on paying back money
Author
Trivandrum, First Published Oct 20, 2020, 11:26 AM IST

തിരുവനന്തപുരം: കോടികളുടെ ബാധ്യത സർക്കാർ ഏറ്റെടുത്ത് ഒരു വർഷം കഴിയുമ്പോൾ തിരിച്ചടവിൽ കൈമലർത്തി റബ്കോയും റബർമാർക്കും. സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ ഭരണസമിതി 238 കോടിയാണ് സർക്കാരിന് നൽകേണ്ടത്. റബർമാർക്ക് 41കോടിയും. കൊവിഡ് തിരിച്ചടിയിൽ ഇപ്പോൾ തിരിച്ചടവ് സാധ്യമല്ലെന്നാണ് രണ്ട് സ്ഥാപനങ്ങളുടെയും നിലപാട്.

കേരള ബാങ്ക് രൂപീകരണ സമയത്താണ് റബ്കോ റബ്ബർമാർക്ക് മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യത സർക്കാർ അടച്ചുതീർത്തത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജീല്ലാ സഹകരണ ബാങ്കുകളിലെയും വായ്പകൾ കോടികളുടെ പലിശ ഒഴിവാക്കി ഒറ്റത്തവണയിൽ അടച്ച് സർക്കാർ തീർപ്പാക്കി. റബ്കോ 238കോടിയും റബ്ബർമാർക്ക് 41 കോടിയും മാർക്കറ്റ് ഫെ‍ഡ് 27കോടിയും സർക്കാരിലേക്ക് തിരിച്ചടക്കണമെന്നതായിരുന്നു വ്യവസ്ഥ. 2019ൽ ധാരണാപത്രം ഇറക്കുന്നതിലെ സർക്കാർ ഒളിച്ചുകളിയും വിവാദമായിരുന്നു. ഒടുവിൽ സെപ്റ്റംബറിൽ റബ്കോയുമായും റബ്ബർമാർക്കുമായും സർക്കാർ ധാരണാ പത്രം ഒപ്പിട്ടു. എന്നാൽ ആദ്യ വർഷം പിന്നിടുമ്പോൾ റബ്കോയും റബർമാർക്കും ഒരു രൂപ പോലും തിരിച്ചടിച്ചിട്ടില്ല.

സർക്കാർ തിരിച്ച് നൽകാനുള്ള തുക ക്രമപ്പെടുത്തിയ ശേഷം മാർക്കറ്റ് ഫെഡിന് ഇനി മൂന്ന് കോടിയാണ് ബാധ്യത. റബ്കോ 20 ഗഡുവായും റബർമാർക്ക് 11തവണയായുമാണ് സർക്കാരിനുള്ള കടം തിരിച്ചടയ്ക്കേണ്ടത്. കൊവിഡ് പ്രതിസന്ധി അടക്കം ഉന്നയിച്ച് സാവകാശം ആവശ്യപ്പെട്ടിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എന്നാൽ കൊവിഡിന് മുമ്പ് ആറ് മാസം സമയംകിട്ടിയിട്ടും തിരിച്ചടവിന് സ്ഥാപനങ്ങൾ തുകമാറ്റിയില്ല എന്നതും ഗൗരവതരമാണ്. 

സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ 1200 ലധികം വരുന്ന ജീവനക്കാർക്ക് ശമ്പള ഇനത്തിൽ മാത്രം രണ്ടരക്കോടിയാണ് മാസം ചെലവാക്കുന്നത്. കോണ്‍ഗ്രസാണ് റബർമാ‍ർക്ക് ഭരണസമിതിയിൽ. രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയുടെ ബാധ്യതയാണ് പൊതുപണം മുടക്കി സർക്കാർ ഏറ്റെടുത്ത് സഹായിച്ചത്. ഇനിയുള്ള തിരിച്ചടവിലും റബ്കോക്കും റബർമാർക്കിനും മുന്നിൽ അനിശ്ചിതത്വം മാത്രം.

Follow Us:
Download App:
  • android
  • ios