പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിലാണ് എസ്പിയുടെ പ്രതികരണം ഉണ്ടായത്. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുപോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും. അതേസമയം, ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.