Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

rush in vaccination centers after omicron virus spread
Author
Idukki, First Published Dec 2, 2021, 3:10 PM IST

തിരുവനന്തപുരം: ഒമിക്രോൺ (Omicron) ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാക്സീൻ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സ‍ർക്കാർ. വാക്സീനേഷൻ (Vaccination) കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം തിരക്ക് കൂടിയതായും ആദ്യഡോസ് എടുക്കുന്നുവരുടേയും രണ്ടാം ഡോസുകാരുടേയും എണ്ണം കൂടുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണ ജോ‍ർ‌ജ് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. എട്ട് ദിവസത്തെ കണക്കുകൾ താരതമ്യം ചെയ്താണ് ആരോ​ഗ്യമന്ത്രി വാക്സീനേഷനിലുണ്ടായ വ‍ർധന ചൂണ്ടിക്കാട്ടിയത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്‌സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുതെന്ന് ആരോ​ഗ്യമന്ത്രി വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി വാക്‌സിനെടുക്കാനായി അവബോധം നല്‍കും.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര്‍ വാക്‌സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര്‍ വാക്‌സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്.

വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് (2,57,04,744) ആദ്യ ഡോസ് വാക്‌സിനും 65.5 ശതമാനം പേര്‍ക്ക് (1,74,89,582) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്‌സിനാണ് നല്‍കിയത്. സംസ്ഥാനത്ത് 8 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിനായി കൂടുതല്‍ ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ കോവിഡ് അണുബാധയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്‌സിന്‍ എടുക്കാനുള്ളവരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios