വിവിധ പ്രവർത്തനങ്ങളാണ് റഷ്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കാറുള്ളത്. റഷ്യൻ ഭാഷ പരിശീലനം മുതൽ റഷ്യയ്ക്ക് വൈദഗ്ധ്യമുള്ള കായിക വിനോദങ്ങളുടെ പരിശീലനം വരെ ഇവയിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം: മലയാളികളും സോവിയറ്റ് യൂണിയനും തമ്മിലുള്ള മാനസിക അടുപ്പത്തിന്റെയും അതിനോടൊപ്പം ഇവിടെ സംഭവിച്ച സാംസ്കാരിക വിനിമയത്തിന്റെയും അടയാളമായി തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന ഒരു ഒരു സ്ഥലമുണ്ട്. റഷ്യൻ പശ്ചാത്തലത്തിലുള്ള കഥകളിലൂടെയും ചരിത്രങ്ങളിലൂടെയും ആ നാടിനെ കേരളത്തിലേക്ക് അടുപ്പിച്ച് നിർത്തിയ ഗോർക്കി ഭവൻ എന്ന റഷ്യൻ ഹൗസ്.
അര നൂറ്റാണ്ട് മുമ്പ് സ്ഥാപിതമാവുകയും ഒരുകാലത്ത് ചിന്തകരുടെയും എഴുത്തുകാരുടെയും ഒത്തുചേരൽ സ്ഥലമായും ബേക്കറി ജംഗ്ഷനിലെ ഒരു അടയാളം തന്നെയായും മാറിയ ഈ കെട്ടിടത്തിന് പറയാൻ ഏറെ കഥകളുണ്ട്. റഷ്യ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതും അവിടവുമായുള്ള സൗഹൃദം ഹൃദയങ്ങളെ പരസ്പരം ചേർത്തതിലും ഈ കേന്ദ്രത്തിന് വലിയ പങ്കുണ്ട്. വർഷങ്ങൾ കടന്നുപോയി, 1990കളിൽ സോവിയറ്റ് യൂണിയൻ തകരുകയും റഷ്യ ഉയർന്നു വരികയും ചെയ്തു. മാക്സിം ഗോർക്കിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഗോർക്കി ഭവൻ അക്കാലത്ത് അടച്ചുപൂട്ടി. പിന്നീട് 10 വർഷത്തിനു ശേഷം അത് റഷ്യൻ കൾച്ചറൽ സെന്റർ എന്ന പേരിൽ വീണ്ടും തുറന്നു.
ഇന്ന് വിവിധ മേഖലകളിലാണ് റഷ്യൻ സെന്ററിന്റെ പ്രവർത്തനം. റഷ്യൻ വൈദഗ്ധ്യം പ്രശസ്തമായ ജിംനാസ്റ്റിക്സ്, ചെസ്സ് എന്നിവയിലെ കായിക പരിശീലനം ഇവിടെ സ്ഥിരമായി നടക്കുന്നു. എക്കാലത്തെയും മികച്ച ചെസ് താരങ്ങളിലൊരാളായ അലക്സാണ്ടർ അലെക്സാന്ദ്രോവിച്ച് അലെഖിൻന്റെ പേരിലുള്ള അലെഖിൻ ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. ഇപ്പോൾ, ഒരു സമ്മർ ക്യാമ്പ് പുരോഗമിക്കുകയാണ്. താത്പര്യമുള്ളവർക്കായി റഷ്യൻ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ടെന്നും സമാനമായ മറ്റ് പരിശീലനങ്ങൾ സംഘടിപ്പിക്കുവെന്നും റഷ്യൻ ഹൗസിന്റെ ഓണററി കോൺസലും ഡയറക്ടറുമായ രതീഷ് സി. നായർ പറഞ്ഞു.
കേരളത്തിൽ ആദ്യമായി തുറന്ന ഓണററി കോൺസുലേറ്റും റഷ്യൻ സെന്ററിലാണ്. റഷ്യയിലേക്ക് പോകുന്നവർക്കും ഇന്ത്യയിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർക്കും ഇവിടെ നിന്ന് സഹായങ്ങൾ നൽകുന്നു. കൂടംകുളം ആണവനിലയത്തിലെ കൺസൾട്ടന്റുമാർക്ക് ഉൾപ്പെടെ ഇവിടെ നിന്ന് സഹായം നൽകി. ഇതിനു പുറമെയാണ് റഷ്യൻ ചരിത്രത്തിലെ നാഴികക്കല്ലുകൾ ആഘോഷിക്കുന്ന പ്രത്യേക പരിപാടികൾ.
അടുത്തിടെ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ റഷ്യയുടെ വിജയത്തിന്റെ 80-ാം വാർഷികം അടുത്തിടെ ആഘോഷിച്ചു. റഷ്യൻ ഭാഷയിൽ വിജയം എന്ന് അർത്ഥം വരുന്ന 'പൊബേഡ' എന്നാണ് ഈ ആഘോഷത്തിന് പേരിട്ടത്. ലോകചരിത്രത്തിൽ ഫാസിസത്തെ മുട്ടുകുത്തിച്ചതിൽ റഷ്യയുടെ പങ്ക് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. പ്രദർശനങ്ങൾ, സെമിനാറുകൾ, സിനിമ മേള, മോട്ടോർ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചിരുന്നു
കേരളത്തിന് റഷ്യയോടുള്ള താൽപ്പര്യത്തിൽ അവിടുത്തെ വിദ്യാഭ്യാസ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സന്നദ്ധത ഇപ്പോൾ കൂടുതലായി കാണുന്നുണ്ട്. റഷ്യയിലെ വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് അറിയിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട യാതൊരു വാണിജ്യപരമായ പ്രവർത്തനങ്ങളിലും റഷ്യൻ ഹൗസ് പങ്കാളിയാവുന്നില്ല. ഇതിന് പുറമെ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി സർക്കാർ സ്കോളർഷിപ്പുകൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാറിയ രൂപത്തിലും നഗരത്തിൽ ആളുകൾ തേടിയെത്തുന്ന ഒരിടമാണ് ഇന്നും റഷ്യൻ സെന്റർ. ബഹിരാകാശ ഗവേഷണത്തിൽ റഷ്യയുടെ മേധാവിത്വത്തിന്റെ ഓർമ്മപ്പെടുത്തലായി, യൂറി ഗഗാറിന്റെ പ്രതിമ പ്രവേശന കവാടത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നിരവധി സന്ദർശകരെ, പ്രത്യേകിച്ച് ബഹിരാകാശ പ്രേമികളെ ആകർഷിക്കുന്നുണ്ട്. , ബഹിരാകാശ ഗവേഷണമായിരുന്നു ഇന്ത്യയും റഷ്യയും കണ്ടുമുട്ടിയ പൊതുവായ തലമെന്നതാണ് ഇതിന്റെ ഒരു കാരണം.
ജിംനാസ്റ്റിക്സിലും ചെസ്സിലുമാണ് റഷ്യയുടെ വൈദഗ്ദ്ധ്യം, ഇവയുമായി ബന്ധപ്പെട്ട സെഷനുകൾക്ക് വലിയ ഡിമാൻഡാണ്. റഷ്യയിൽ നിന്നുള്ള മറ്റൊരു കായിക രൂപം കേരളത്തിൽ പ്രചാരം നേടുന്നുണ്ട് - സാംബോ, എന്ന ഒരുതരം ഗുസ്തി. റഷ്യയുടെ തനത് നേട്ടങ്ങൾ കേരളത്തിലെത്തിക്കാൻ ഈ കേന്ദ്രം പരിശ്രമിക്കുന്നു. ഒരു ലൈബ്രറി സ്ഥാപിക്കാനുള്ള പദ്ധതിയും അണിയറയിലുണ്ട്. തലസ്ഥാന നഗരിയിലെ റഷ്യൻ ഹൗസ്, ആ രാജ്യത്തിനും അതിന്റെ സംസ്കാരത്തിനും മലയാളി ഹൃദയത്തിലുള്ള സ്ഥാനത്തിന്റെ കൗതുകകരമായ ഓർമ്മപ്പെടുത്തലായി നിലനിൽക്കുകയാണ്.


