സിപിഎം ഉപദ്രവം തുടരുന്നു, ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് പിന്നെയും എസ് രാജേന്ദ്രൻ
പ്രകാശ് ജാവദേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാന്‍ തയ്യാറാണെന്ന് അന്ന് അവര്‍ അറിയിച്ചതായും രാജേന്ദ്രൻ പറയുന്നു
ഇടുക്കി: ബിജെപി പ്രവേശത്തില്‍ പിന്നെയും നിലപാട് മാറ്റി സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാവുകയും ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുമ്പ് പാര്‍ട്ടിയുമായി രമ്യതയിലായി എന്നാണ് എസ് രാജേന്ദ്രൻ അറിയിച്ചിരുന്നത്.
സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ്- ഇത് തരണം ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നാല്‍ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ല- താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണുള്ളതെന്നും എസ് രാജേന്ദ്രൻ.
വീണ്ടും ബിജെപി പ്രവേശത്തെ കുറിച്ച് സൂചന നല്‍കുമ്പോഴും പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് രാജേന്ദ്രന്‍റെ പഴിചാരല്‍. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്.
ഉപദ്രവിക്കരുത് എന്ന് പല തവണ ആവശ്യപെട്ടു, എന്നിട്ടും ഇടത് സര്‍ക്കാര്‍ തന്‍റെയും ഭാര്യയുടെയും പേരില്‍ വരെ കേസുണ്ടാക്കി, മക്കളെയും ഭാര്യയെയും സംരക്ഷിക്കാത്തവരുടെ ജീവിതമൊന്നും ജീവിതമല്ല എന്നാണ് വിശ്വാസം, ഗതിയില്ലാതെ വരുമ്പോള്‍ നോക്കും, കൂടെയുള്ളവരുടെ സംരക്ഷണമാണ് പ്രധാനം, ഒരുപാട് പ്രശ്നങ്ങളുണ്ടായി, അതെല്ലാം ഇപ്പോഴും അപമാനായി തുടരുകയാണെന്നും എസ് രാജേന്ദ്രൻ.
കുടുംബത്തെ മാത്രമല്ല കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ് രാജേന്ദ്രൻ.
പ്രകാശ് ജാവദേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാന്‍ തയ്യാറാണെന്ന് അന്ന് അവര്‍ അറിയിച്ചതായും രാജേന്ദ്രൻ പറയുന്നു. അതേസമയം പ്രകാശ് ജാവദേക്കറും ഇപി ജയരാജനുമായുള്ള കൂടികാഴ്ചയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാലും പരസ്യമായി പങ്കുവയ്ക്കില്ലെന്നുകൂടി രാജേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-