മലപ്പുറം: തെരഞ്ഞെടുപ്പിൽ നേരിട്ടത് വലിയ തിരിച്ചടിയാണെന്ന് തുറന്ന് സമ്മതിച്ച് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. തുറന്ന മനസ്സോടെ അതിന്‍റെ കാരണങ്ങൾ പരിശോധിക്കും. ജനങ്ങളുമായി സംവാദം നടത്തും. എന്നാൽ ഇത് അവസാന തെരഞ്ഞെടുപ്പല്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള. മലപ്പുറത്ത് നടക്കുന്ന ഇഎംഎസ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സർക്കാർ ഒരു ബലപ്രയോഗവും നടത്തിയിട്ടില്ല. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. പൊതു ബോധത്തെ പുറകോട്ടടിപ്പിക്കാൻ വലതു പക്ഷ ശക്തികൾക്ക് കഴിഞ്ഞു. അതിനെ തടയാൻ ഇടതു പക്ഷത്തിനായില്ല. എന്നാല്‍ അത് എന്തുകൊണ്ടെന്ന് പഠിക്കണമെന്നും  എസ്‍ആര്‍പി പറഞ്ഞു. 

പാർട്ടി പ്രവർത്തകരുടെ രാഷ്ട്രീയ നിലവാരം ഇന്നത്തെ കടമകൾ നിർവ്വഹിക്കാൻ പ്രാപ്തമല്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ വിടവുണ്ട്. ജനങ്ങളെ മനസിലാക്കാനായില്ല. വോട്ടിൽ ഇത്ര വലിയ കുറവ് എങ്ങനെയുണ്ടായെന്നും ജനങ്ങൾക്ക് നമ്മളോട് പലതും തുറന്ന് പറയാൻ ഭയമുണ്ടോ എന്നും പരിശോധിക്കണം. സംഘടന സ്ഥിതി ഗൗരവതരമാണെന്നും ശൈലി മാറ്റണമെന്ന സൂചന നല്‍കി എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.