Asianet News MalayalamAsianet News Malayalam

ISRO CASE | നമ്പി നാരായണൻ ഭൂമി നൽകിയെന്ന ആരോപണം: എസ് വിജയന്റെ ഹർജി ഹൈക്കോടതി തള്ളി

കേസന്വേഷണത്തെ സ്വാധീനിക്കാൻ സിബിഐ മുൻ ജോയിന്റ് ഡയറക്ടർ രാജേന്ദ്ര നാഥ് കൗൽ, ഡിവൈഎസ്‌പി ഹരിവത്സൻ എന്നിവർക്ക് നമ്പി നാരായാണൻ തമിഴ്‌നാട്ടിൽ ഭൂമി നൽകിയെന്നാണ് എസ് വിജയന്റെ ആരോപണം

S Vijayan plea against Nambi Narayanan rejected by Kerala High court
Author
Kochi, First Published Nov 15, 2021, 12:33 PM IST

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ (ISRO Spy case) നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ (Nambi Narayanan) അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി (Kerala High Court) തള്ളി. കേരള ഹൈക്കോടതിയിൽ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ എസ് വിജയൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു വിജയൻ.

ഐഎസ്ആർ ചാരക്കേസ് കാലത്ത് പേട്ട സിഐയായിരുന്നു എസ് വിജയൻ. കേസന്വേഷണത്തെ സ്വാധീനിക്കാൻ സിബിഐ മുൻ ജോയിന്റ് ഡയറക്ടർ രാജേന്ദ്ര നാഥ് കൗൽ, ഡിവൈഎസ്‌പി ഹരിവത്സൻ എന്നിവർക്ക് നമ്പി നാരായാണൻ തമിഴ്‌നാട്ടിൽ ഭൂമി നൽകിയെന്നാണ് എസ് വിജയന്റെ ആരോപണം. എന്നാൽ ഭൂമി വാങ്ങി നൽകിയെന്ന് തെളിയിക്കാൻ സാധിക്കുന്ന രേഖകൾ ഹാജരാക്കാൻ വിജയന് സാധിച്ചില്ല. രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹർജി ഹൈക്കോടതി തള്ളിയത്.

അതേസമയം കേസിൽ നമ്പി നാരായണൻ ഭൂമി വാങ്ങി നൽകിയതിന് രേഖകൾ ഉണ്ടെങ്കിൽ വിചാരണ കോടതിയിൽ പുതിയ ഹർജി നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനെ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നായിരുന്നു എസ് വിജയന്റെ ആരോപണം. നമ്പിനാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 24 രേഖകളും എസ് വിജയൻ ഇതിനായി വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു. 

ചാരക്കേസിന്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റെന്നായിരുന്നു ആരോപണം. ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും അജ്ഞലി ശ്രീവാസ്തവയ്ക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി  കൈമാറിയിട്ടുണ്ടെന്നും എസ് വിജയൻ ആരോപിച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് ആധാരമായ പവർ ഓഫ് അറ്റോർണിയും എസ് വിജയൻ കോടതിയിൽ നൽകി. 

Follow Us:
Download App:
  • android
  • ios