ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു.

പത്തനംതിട്ട: ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ്‌ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്‍റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.

അരവണ നിർമാണം കൂട്ടും- ദേവസ്വം പ്രസിഡന്‍റ്

അതിനിടെ അരവണ പ്രശ്നം സമഗ്രമായി ചർച്ച ചെയ്തെന്നും ശബരിമലയിൽ അരവണ നിർമാണം കൂട്ടുമെന്നും ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി. നിലവിൽ അരവണ 2.6 ലക്ഷം ആണ് ദിവസം തയ്യാറാക്കുന്നത്. ഇത് 3.6 ലക്ഷം അരവണയാക്കി വർധിപ്പിക്കും. നട തുറക്കുമ്പോൾ 75 ലക്ഷം അരവണ കരുതലായി സംഭരിക്കും. ശബരിമലയിൽ മണ്ഡല കാലത്ത് അരവണ ക്ഷാമം ഉണ്ടാവില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. ശർക്കര ടെൻഡർ വിളിച്ചു. ഒക്ടോബർ 5 ന് മുൻപ് ശർക്കര കരാർ സാധ്യമാകും. ഒക്ടോബർ 15 ഓടെ എല്ലാ കരാറുകളും പൂർത്തിയാകും. കടകളുടെ ലേലം ഓൺലൈൻ ആക്കും. നിലനിന്നിരുന്ന മാമൂലുകൾ അതേപടി തുടരാൻ അനുവദിക്കില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.

സർക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോർട്ട് നൽകുമെന്നും മന്ത്രി കെ മുരളീധരനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. കാര്യങ്ങൾ അറിയിക്കാൻ താൻ ബാധ്യസ്ഥ‌നാണ്. ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം മാത്രമാണ്. കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റിയെന്നും ആശയ വിനിമയ പ്രശ്നം പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.