ശബരിമലയില്‍ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയില്‍ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറൻമുളയിലുണ്ടാവണമെന്നും തിരുവാഭരണം കമ്മീഷണർ നൽകുന്ന വിവരമനുസരിച്ച് കിരീടം ആറൻമുളയിലുണ്ട്, ആറൻമുളയിലുണ്ടെന്ന് ഉറപ്പ് വരുത്തും. ഇക്കാര്യം വിശദീകരിക്കാൻ തിരുവാഭരണം കമ്മിഷണറെ വിളിപ്പിച്ചിട്ടുണ്ട് എന്നും കെ ജയകുമാർ പ്രതികരിച്ചു.

നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണവും നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്നാണ് ബോർഡ് പറയുന്നത്.