ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നതെന്നും ദ്വാരപാലക ശിൽപ്പത്തിന്‍റെ വ്യാജ മോള്‍ഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനൽ ആര്‍ക്കോ വിറ്റുവെന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നതെന്നും ദ്വാരപാലക ശിൽപ്പത്തിന്‍റെ വ്യാജ മോള്‍ഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനൽ ആര്‍ക്കോ വിറ്റുവെന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൊലീസ് അന്വേഷിച്ചാൽ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമോയെന്ന് ആശങ്കയുണട്. കോടതി ഇടപെടൽ ആശ്വാസകരമാണ്. ഉത്തരവാദിത്തപ്പെട്ടവരെ എല്ലാം പ്രതി ചേര്‍ക്കണം. വളരെ ഞെട്ടിക്കുന്ന സംഭവമാണിത്. പ്രതിപക്ഷം പറ‍ഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറച്ചുവെക്കാൻ ശ്രമിച്ച കാര്യങ്ങളാണ് ഇപ്പോള്‍ കോടതി തന്നെ പുറത്തുകൊണ്ടുവന്നത്. എല്ലാം അറിയാവുന്ന സര്‍ക്കാരിലെ ഉത്തരവാദിത്ത്വപ്പെട്ടവര്‍ക്കും ദേവസ്വം ബോര്‍ഡിലും കനത്ത തിരിച്ചടിയാണ് കോടതി വിധി. ഗുരുതരമായ സ്ഥിതി വിശേഷമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ദ്വാരപാലക ശിൽപ്പത്തിൽ മാത്രമല്ല വാതിലിലും കട്ടിളയിലും വരെ കൃത്രിമം നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അയ്യപ്പന്‍റെ ദ്വാരപാലക ശിൽപ്പം വ്യാജ മോള്‍ഡ് ഉണ്ടാക്കി ചെന്നൈക്ക് കൊടുത്തതും ഒറിജിനൽ ആര്‍ക്കോ വിറ്റു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിൽ ഉത്തരവാദി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ട്. വീണ്ടും ഗുരുതരമായ കുറ്റം ആവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തിയത്. സന്നിദാനത്തെ ദ്വാരപാലക ശിൽപ്പമില്ല, വാതിലില്ല. ഇനി ആകെയുള്ളത് അയ്യപ്പന്‍റെ തങ്ക വിഗ്രഹമാണ്. അത് കൂടി പോയെനെയെന്നും വിഡി സതീശൻ പറഞ്ഞു. ശബരിമലയിലെ യോഗ ദണ്ഡിന്‍റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി ഏറ്റെടുത്തത് മുൻ ദേവസ്വം പ്രസിഡന്‍റിന്‍റെ മകനാണ്. എന്ത് നടപടി ക്രമം പാലിച്ചാണ് അത്തരമൊരു തീരുാമനമെടുത്തതെന്നും കേരള സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴേക്കെ ഇഡി ഇറങ്ങുകയാണെന്നും ബിജെപിയും എൽഡിഎഫും തമ്മിൽ അവിശുദ്ധ രാഷ്ട‌ീയ കൂട്ടുകെട്ടെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.