ശബരിമല സ്വർണപ്പാളിയിലെ തൂക്കം വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി. 2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും കോടതി
എറണാകുളം: ശബരിമല സ്വർണപ്പാളിയിലെ തൂക്കം വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി. 2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചു. സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചോദ്യങ്ങളുമായി കോടതി
സ്വർണ്ണപാളി വിവാദത്തിൽ കോടതി തേടിയത് രണ്ട് ചോദ്യത്തിനുള്ള ഉത്തരങ്ങളാണ്. 1999 ൽ ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയിരുന്നോ അങ്ങനെ എങ്കിൽ എന്തിന് 2019 ൽ വീണ്ടും സ്വർണ്ണം പൂശി. 2019 ൽ ചെന്പിലാണ് സ്വർണ്ണം പൂശിയതെങ്കിൽ അതിലെ ഭാരത്തിന് എങ്ങനെ വ്യത്യാസം വന്നു.ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ ഇന്ന് കോടതിയിൽ ഹാജരാക്കിയ മഹസർ രേഖകൾ പരിശോധിച്ച കോടതി ഉന്നയിച്ച ചോദ്യങ്ങൾ ഇങ്ങനെ. സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉന്നയിച്ച കോടതി നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ട്. 2019 ൽ പാളിയുടെ ഭാരം 42 കിലോ, ശില്പത്തിൽ നിന്ന് മാറ്റി ഒന്നരമാസം പാളികൾ ദേവസ്വം കൈവശം വെച്ചു. അപ്പോൾ ഭാരം 4 കിലോ കുറഞ്ഞു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണ്ണം പൂശി തിരികെ വന്നപ്പോൾ നേരിയ ഗ്രാം ഭാരം കൂടി. എന്നാൽ സന്നിധാനത്ത് ഇത് എത്തിച്ചപ്പോൾ വിജിലൻസിന്റെ സാന്നിദ്ധ്യത്തിൽ ഭാരം അളന്ന് പരിശോധിച്ചില്ലെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെട്രോൾ എങ്കിൽ ഭാരം കുറയുന്നത് മനസ്സിലാക്കാം സ്വർണ്ണമടങ്ങിയ പാളിക്ക് ഭാരക്കുറവ് എങ്ങനെ സംഭവിക്കുമെന്നാണ് കോടതി ചോദിച്ചത്.
ദേവസ്വം ബോര്‍ഡിന് നിര്‍ദേശം
1999 ൽ സ്വർണ്ണം പൂശിയോ, 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി വഴിപാടായി സ്വർണ്ണം പൂശുമ്പോൾ എന്താണ് സംഭവിച്ചത്. എസ്പി റാങ്കിലുള്ള Travanacore devaswom boardന്റെ Chief vigilance ഓഫീസറോട് ഇക്കാര്യം അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അന്വേഷണത്തിൽ സഹകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് നിർദ്ദേശവും നൽകി. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കാനും കോടതി ഉത്തരവിട്ടു. എന്നാൽ 2019ൽ ചെമ്പ് പാളിയിലാണ് താൻ സ്വർണ്ണം പൂശി നൽകിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



