ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളിയുടെ വെളിപ്പെടുത്തൽ. ശബരിമലയിലെ പുതിയ വാതിൽ നിര്‍മിച്ചതും ബെംഗളൂരുവിലാണെന്നും നന്ദകുമാർ

ബെംഗളൂരു: ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളിയുടെ വെളിപ്പെടുത്തൽ. ശബരിമല തന്ത്രി ഇടപെട്ടതോടെയാണ് പ്രദര്‍ശനം നടക്കാതെ പോയത്. പ്രദർശിപ്പിക്കുന്നത് ആചാരലംഘനമാണെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഈ സമയം താൻ ജാലഹള്ളിയിലുണ്ടായിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയെത്തിച്ച ദ്വാരപാലക ശിൽപത്തിന് മങ്ങലുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പലരോടും പറഞ്ഞെന്നും നന്ദകുമാർ പറഞ്ഞു. വിജയ് മല്യ സ്വ‍‍‍ർണം പൂശിയതിന് മങ്ങലുണ്ടായിരുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. 

ശ്രീകോവിലിനുള്ള പുതിയ വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിൽ

ശബരിമല ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിലാണെന്നും ഗുരുവായൂർ സ്വദേശിയായ ദാരുശിൽപി നന്ദകുമാർ ഇളവള്ളി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് വാതിൽ നിര്‍മിച്ചതെന്നും ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് വാതിൽ തയ്യാറാക്കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. വാതിൽ ബെംഗളൂരുവിൽ വെച്ച് നിര്‍മിച്ചശേഷം ഹൈദരാബാദിൽ വെച്ചാണ് ചെമ്പ് പൊതിഞ്ഞത്. ചെന്നൈയിലെത്തിച്ചാണ് സ്വര്‍ണം പൂശിയത്. നേരത്തെ ഉണ്ടായിരുന്ന വാതിലിലെ സ്വർണം പൂശിയ ലോക്കുകൾ തന്നെ വീണ്ടും ഉപയോഗിച്ചു. ഇപ്പോഴത്തെ വിവാദമുണ്ടായതിന് നാലു ദിവസം മുന്നേ ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചെന്ന് നന്ദകുമാർ പറഞ്ഞു. വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോയെന്ന് തിരക്കിയെന്നും ആ വിളിയിൽ അസ്വാഭാവികത തോന്നിയെന്നും നന്ദകുമാ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player