ശബരിമല സ്വ‍‍‌ർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മന്ദഗതിയിലെന്ന് ആരോപിച്ച് യുഡിഎഫ്. റെയ്ഡുകൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം കാര്യമായ പുരോഗതിയില്ലാത്തതിനാൽ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും, ഈ മെല്ലെപ്പോക്കിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം: റെയ്ഡ് നടത്തി 66 ദിവസമായിട്ടും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറേറ്റിന്റെ (ഇഡി) അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ് ആരോപണം. 2026 ജനുവരി 20 -ന് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതു കഴിഞ്ഞ് 66 ദിവസങ്ങള്‍. എന്നിട്ടും കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഫെബ്രുവരി 17 ന് നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത് കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.

Add Asianetnews as a Preferred SourcegooglePreferred

കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മുന്‍ ഭരണ/എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരായ മുരാരി ബാബു, എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതോടൊപ്പമാണ് ഇഡി അന്വേഷണവും മന്ദഗതിയിലായത്. ഇത് കേസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി യുഡിഎഫ് ആരോപിക്കുന്നു.

കേസില്‍ തുടക്കത്തില്‍ ശക്തമായി രംഗത്ത് വന്ന ഇഡി പിന്നീട് എന്തുകൊണ്ട് നിശ്ശബ്ദമായെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വക്കുന്ന പ്രധാനപ്പെട്ട ചോദ്യം. റെയ്ഡുകളും ചോദ്യം ചെയ്യലുകളും നടത്തിയ ശേഷം എന്തുകൊണ്ട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ആരെ സഹായിക്കാനാണ് കേസ് നടപടി വൈകുന്നതെന്നും അവര്‍ ചോദിക്കുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ശക്തമാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.