ഗർഭകാല പരിശോധനയ്ക്ക് ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരൻ മകനെയും കാണാതായതായ സംഭവത്തിൽ വഴിത്തിരിവ്
തിരുവനന്തപുരം: ഗർഭകാല പരിശോധനയ്ക്ക് ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരൻ മകനെയും കാണാതായതായ സംഭവത്തിൽ വഴിത്തിരിവ്. കഴക്കൂട്ടം പുല്ലാട്ടുകരിയിൽ താമസിക്കുന്ന അനീഷ് (26), ഭാര്യ അഖില (24), മകൻ അദ്വൈത് (അഞ്ച്) എന്നിവരെയാണ് കഴിഞ്ഞ മാസം കാണാതായത്. സംഭവത്തിൽ അഖിലയുടെ സഹോദരൻ സൂരജിന്‍റെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മുന്നംഗ കുടുംബത്തെ 17-ാം ദിവസം തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് കഴക്കൂട്ടം പൊലീസ് കണ്ടെത്തിയത്. കുടുംബത്തെ ജൂൺ 16 മുതൽ കാണാനില്ലായിരുന്നു. 16-ന് രാവിലെ അഖിലയെ കഴകുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെന്ന് അനീഷ് പറഞ്ഞിരുന്നു.
രാത്രി വിളിച്ചപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണെന്ന് അറിയിച്ചു. പിന്നീട് ഫോൺ ഓഫായി. അഖില അമ്മയുമായി ഏറെ നാളായി പിണക്കത്തിലായിരുന്നു. പിണക്കം മാറാൻ താൻ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞു. ഇത് പുറത്തറിയുമെന്നായതോടെയാണ് പരിശോധനയ്ക്കെന്ന് പറഞ്ഞ് വീടുവിട്ടത്. മറ്റുവഴിയില്ലാതായതോടെ മധുരയിലെത്തിയ ഇവർ അഖിലയുടെ കുട്ടുകാരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. അനീഷ് പെയിന്‍റിങ് ജോലിക്കും പോയിത്തുടങ്ങി. ഇതിനിടെ അനീഷിന്‍റെ ഫോൺ ഓണയതോടെയാണ് പൊലീസിന് താമസസ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ കുടുംബത്തെ നാട്ടിലെത്തിച്ച് ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.



