ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണെന്നും ഡോക്ടര്‍മാര്‍.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു. 

തന്ത്രിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഇന്ന് രാവിലെ ജയിലിൽ തന്ത്രിക്ക് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് ജയിൽ അധികൃതരോട് ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. തലകറക്കം അടക്കം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ആശുപത്രിയിൽ വെച്ച് തന്ത്രി ഡോക്ടര്‍മാരോട് പറഞ്ഞത്. ജനറൽ ആശുപത്രിയിലെ പരിശോധനക്കുശേഷം ഉച്ചയോടെയാണ് തന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കേസിനെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്ത്രി പ്രതികരിച്ചത്.

അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.

ഇതേതുടർന്നായിരുന്നു അറസ്റ്റ്. കട്ടിളപാളിയിൽ മൗനാനുവാദമെങ്കിൽ ദ്വാരപാലക ശിൽപ്പ കേസിൽ അനുവാദം നൽകിയതാണ് തന്ത്രിക്ക് കുരുക്കാകുന്നത്. സ്വർണം പൊതിഞ്ഞ ചെമ്പു പാളികൾക്ക് ശോഭ മങ്ങിയതിനാൽ അറ്റകുറ്റപ്പണി നടത്താമെന്നായിരുന്നു അനുമതി. എന്നാൽ, പാളികള്‍ ചെമ്പാക്കി മാറ്റി ദേവസ്വം ഉദ്യോഗസ്ഥരെഴുതിയ മഹസറിൽ തന്ത്രി ഒപ്പിട്ടതിലൂടെയാണ് പ്രതിസ്ഥാനത്തെത്തുന്നത്. ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ പ്രതി ചേർത്തുള്ള റിപ്പോർട്ട് സമർപ്പിക്കും. ചൊവ്വാഴ്ചയാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അപ്പോള്‍ തന്ത്രിയുടെ ഇടപെടലിലെ കൂടുതൽ കാര്യങ്ങള്‍ എസ്ഐടി കോടതിയെ അറിയിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ കിുറിച്ചും വിശദമായി അന്വേഷിക്കും. തന്ത്രി, പോറ്റി, പത്മകുമാർ എന്നിവരെ കസ്റ്റഡിൽ വാങ്ങി ഒരുമിച്ച് ചോദ്യംചെയ്യാനും എസ്ഐടി നീക്കമുണ്ട്.

YouTube video player