എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പറയും. ബോർഡിലെ മറ്റുള്ളവർക്കും കൂട്ടുത്തരവാദിത്തമെന്നാണ് പത്മകുമാറിൻ്റെ വാദം.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിൽ ഒപ്പം ഉണ്ടായിരുന്ന എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിൻ്റെ വാദം. മുൻ ബോർഡ് അംഗം എൻ വിജയകുമാറും കേസിൽ അറസ്റ്റിലായിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് നീട്ടും. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
പത്മകുമാറിനെതിരെ എസ്ഐടി ഹൈക്കോടതിയില്‍
സ്വര്‍ണക്കൊള്ളയിൽ പറിമാൻഡിൽ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തി. പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്‍റെ വാദവും എസ്ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല. മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനുമതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തുന്നു.



