ശബരിമലയിൽ വൻകവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്ന് ഹൈക്കോടതിയിൽ എസ്ഐടി. ഗോവർദ്ധൻ്റെ ജാമ്യഹർജിയെ എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്.
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും സ്പോണ്‍സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കൊള്ള പുറത്തുവന്നതോടെ ഗൂഢാലോചന മറച്ചുവെക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നും ഇതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണ്. വൻ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാൻ ബെംഗളൂരുവിൽ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.
കേസിൽ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. ആറാഴ്ചത്തെ സമയമാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചത്. ഈ മാസം 19ന് എസ്ഐടി ഹൈക്കോടതിയിൽ അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ, ഇവർക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇവർക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പിഎസ് പ്രശാന്തിന്‍റെ ഭരണസമിതിയ്ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. 2025 സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സ്വർണപൂശിയതിലെ എല്ലാ ഇടപാടും നാലുഘട്ടമുള്ള അന്വേഷണത്തിലുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആദ്യ രണ്ട് കേസിലാണ് ഇപ്പോഴത്തെ അന്വേഷണമെങ്കിലും ശേഷിക്കുന്ന അന്വേഷണത്തിൽ ആരും രക്ഷപ്പെടില്ലെന്ന് കരുതുന്നതായാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. ബാഹ്യസമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതെ നിർഭയമായ അന്വേഷണം തുടരണമെന്നും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്ത് ആവർത്തിക്കുമ്പോഴാണ് പ്രശാന്തിന്‍റെ ഭരണസിമിതിയക്കെതിരെയും അന്വേഷണം ഉണ്ടെന്ന് എസ്ഐടി വ്യക്തമാക്കുന്നത്.



