ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ.

തിരുവനന്തപുരം: ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്‍റെ വാദം തെറ്റാണെന്നും എസ്ഐടി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തുന്നു. 

സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തി. പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്‍റെ വാദവും എസ്ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല. മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനു‍മതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

പാളികൾ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോ‍ർ‍‍ഡ് പ്രസിഡന്‍റ് രേഖകൾ പരിശോധിച്ചില്ലെന്നും പത്മകുമാറിന്‍റെ ജാമ്യ ഹ‍ര്‍ജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലുണ്ട്. കേസിൽ ദേവസ്വം ബോ‍ർ‍ഡ് അംഗം കെപി ശങ്കരദാസ് 11ാം പ്രതിയാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. ശബരിമല കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ കേസ് അട്ടിമറിക്കാൻ പ്രതികൾ ബംഗലുരുവിൽ ഒത്തുകൂടിയെന്ന് എസ്.ഐടി പറയുന്നു. 

2025 ഒക്ടോബറിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവരായിരുന്നു ഒത്തു ചേർന്നത്. 2019ൽ നടത്തിയ സ്വർണക്കൊള്ള പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയ്ക്കായാണ് ഇവർ ഒത്തുചേർന്നത്. ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. 1995 മുതൽ ശബരിമലയിൽ വന്നിരുന്ന ഗോവർധന് ശ്രീകോവിൽ യുബി ഗ്രൂപ്പ് 1998ൽ സ്വർണപ്പാളികൾ പൊതിഞ്ഞ വിവരം അറിയാമായിരുന്നു. 

താന്‍ വാങ്ങിയ സ്വർണത്തിന് 14.97 ലക്ഷം രൂപ നൽകിയെന്നാണ് ഗോവർധൻ പറയുന്നത്. അതിനർഥം അയാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്. ശബരിമല അയ്യപ്പന്റെ സ്വര്‍ണമാണ് നഷടപ്പെട്ടത്. അതിന്റെ സൂക്ഷിപ്പുകാരൻ ദേവസ്വം ബോർഡാണ്. സ്വർണം വാങ്ങാനോ ബോർഡിന് പണം നൽകാനോ ഗോവർധനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പണം നൽകി കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാൻ ആകില്ലെന്നും എസ്ഐടി വ്യക്തമാക്കി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming