ദിവസവും സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളില്‍ എത്തിയതോടെയാണ് സ്വാമി അയ്യപ്പന്‍ റോഡ് വഴിയുള്ള തീര്‍ത്ഥാടകരുടെ യാത്രയും ദുസ്സഹമാവുന്നത്

പത്തനംതിട്ട: തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരമ്പരാഗത നീലിമല പാത കാലതാമസം കൂടാതെ തുറക്കേണ്ടിവരുമെന്ന് അധികൃതര്‍. പാത തുറക്കുന്നതിന്‍റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പൊലീസും സര്‍ക്കാരിനെ അറിയിച്ചിടുണ്ട്. ദിവസവും സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളില്‍ എത്തിയതോടെയാണ് സ്വാമി അയ്യപ്പന്‍ റോഡ് വഴിയുള്ള തീര്‍ത്ഥാടകരുടെ യാത്രയും ദുസ്സഹമാവുന്നത്.

ഒരേ പാതയിലൂടെ മലകയറുകയും ഇറങ്ങുകയും ചെയ്യുന്നത് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് സര്‍ക്കാരിനെ അറിയിച്ചു. നീലിമല പാതയിലെ ചിലസ്ഥലങ്ങളില്‍ അറ്റകുറ്റ പണികള്‍ പുരോഗമിച്ച് വരികയാണ് നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്‍ററുക ള്‍തുറക്കുന്ന കാര്യത്തില്‍ തീരുമാനമായി. സർക്കാർ അനുമതി ലഭിച്ചാല്‍ പാത ഉടന്‍ തുറക്കും അതേസമയം പരമ്പരാഗത കാനനപാതകളായ കരിമല പുല്ലുമേട് പാതകള്‍ വഴിയുള്ള യാത്രകള്‍ ഇനിയും വൈകും.

പാത ഒരുക്കുന്ന ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി നോക്കുന്നതിന് വേണ്ടിയുള്ള രണ്ടാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു. ഓഫിസര്‍മാര്‍ ഉള്‍പ്പടെ 265പേരാണ് സന്നിധാനത്തുള്ളത്. നീലിമല പാത തുറക്കുന്നതോടെ കൂടുതല്‍ പൊലീസുകാരെത്തും.