ശബരിമല തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡ് വികസനവും സുരക്ഷയും ഉറപ്പാക്കാനാണ് ഈ ആവശ്യം ഉന്നയിച്ചത്
പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്ത്രാവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാത ദേശീയപാതയായി ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരിൽ കണ്ട് കത്ത് നൽകി.
ശബരിമല തീർത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള ഈ പാതയിലൂടെ ഓരോ വർഷവും നിരവധി ഭക്തജനങ്ങളാണ് കടന്നുപോകുന്നത്. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർഷംതോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തിരുവാഭരണ പാതയുടെ സമഗ്ര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അബിൻ വർക്കിഎം.എൽ.എ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ വീതി വർദ്ധിപ്പിക്കൽ, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ദേശീയപാത നിലവാരത്തിലേക്കുള്ള ഉയർത്തൽ ഏറെ സഹായകരമാകും. ശബരിമല തീർത്ഥാടനത്തിന്റെ ദേശീയ പ്രാധാന്യവും തിരുവാഭരണ പാതയുടെ ചരിത്ര-ആചാര പ്രാധാന്യവും പരിഗണിച്ച്, ഈ പാത ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അബിൻ വർക്കി എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.
നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും അബിൻ വർക്കി എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരുന്നു.