മരുന്ന് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: എസ്എംഎ രോ​ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോ​ഗ്യമന്ത്രിയുമായ കെ കെ ശൈലജ. മരുന്ന് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുൻ ആരോ​ഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോർജ് എന്നിവർ കഴിഞ്ഞദിവസം സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. ഈ വാർത്താസമ്മേളനത്തിൽ പറഞ്ഞകാര്യങ്ങൾ ജനറിക് മരുന്നിന് എതിരാണെന്ന വിമർശനം ഉയരുകയും ഇത് വിവാദമാവുകയും ചെയ്തതോടെയാണ് ശൈലജ ഫെയ്സ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

''സ്പൈനൽ മസ്‌കുലാർ അട്രോഫി(SMA)യ്ക്കുള്ള മരുന്നു സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് മാറി മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതിൽ സാമ്പിൾ/ക്ലിനിക്കൽ ട്രയലിനുള്ളത് എന്ന ലേബലുള്ള ബോട്ടിൽ ഉണ്ടായിരുന്നതും രക്ഷിതാക്കളിൽ ആശങ്കയുളവാക്കി. അവരിൽ ചിലർ മുൻമന്ത്രി എന്ന നിലയിൽ ഞങ്ങളെയും വിളിച്ചിരുന്നു.

നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് നല്ല ഫലം ഉണ്ടാക്കിയെന്നും കുട്ടികളിൽ നല്ല മാറ്റം കാണുന്നു എന്നും പെട്ടന്ന് മരുന്ന് മാറിയാൽ അവർ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുമോ എന്ന് ഭയക്കുന്നതായും അവർ പറഞ്ഞു. പുതിയ മരുന്നിൻ്റെ വിശ്വാസ്യത അവരെ ബോധ്യപ്പെടുത്താനും ക്ലിനിക്കൽ ട്രയലിനുള്ള സാമ്പിൾ വിതരണം ചെയ്യാൻ ഇടയായത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനും സർക്കാരിനും ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ട്. റോഷ് എന്ന വിദേശ കമ്പനിയേക്കാൾ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മരുന്ന് നാറ്റ് കോ എന്ന ഇന്ത്യൻ കമ്പനി നിർമ്മിച്ച് നൽകിയാൽ അത് അങ്ങേയറ്റം സ്വാഗതാർഹമാണ്.

1970 ലെ ഇന്ത്യൻ പേറ്റൻ്റ് നിയമം 2005 ൽ ഭേദഗതി ചെയ്ത് ഉല്പന്ന(Product) പേറ്റൻ്റടക്കം കുത്തക കമ്പനികൾക്ക് നൽകിയത് അന്നത്തെ കേന്ദ്ര ഗവൺമെന്റാണ്. അതുകൊണ്ടാണ് നാറ്റ്കൊയ്ക്ക് റോഷ്നെതിരെ കോടതിയെ സമീപിക്കേണ്ടി വന്നത്. കുത്തകകളുടെ പേറ്റൻ്റ് കാലാവധി നീട്ടിക്കൊടുത്തതും 2005 ലെ നിയമത്തിൻ്റെ തരക്കേടായിരുന്നു. ഇപ്പോൾ ആ കാലാവധി കഴിയുമ്പോഴാണ് ഇന്ത്യൻ കമ്പനികൾക്ക് മരുന്നുല്പാദനത്തിന് അപേക്ഷിക്കാൻ കഴിയുന്നത്. ഒരേ രാസഘടകങ്ങളുള്ള മരുന്നിന് വിദേശ കമ്പനികൾ വൻതുക ഈടാക്കാൻ തയ്യാറായി

നിരവധി ഇന്ത്യൻ കമ്പനികൾ ഇക്കാലത്ത് പൂട്ടിപ്പോവുകയും ചെയ്തു. 2017 ൽ' കേരളാ ജനറിക്' എന്ന സ്കീം കൊണ്ടുവന്ന് ജീവിത ശൈലി രോഗങ്ങൾക്ക് കമ്പനികളിൽ നിന്ന് ബ്രാൻ്റഡ് ജനറിക് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ വലിയ ആശ്വാസമുണ്ടായതെന്ന് ഞാനോർക്കുന്നു. അതായത് ജനറിക് മരുന്നിന് ഞങ്ങൾ എതിരല്ല. എന്നാൽ പുതിയ മരുന്നിൻ്റെ ജൈവ തുല്യത ബോധ്യപ്പെടുത്താൻ കമ്പനിക്കും സർക്കാരിനും കഴിയണം. സാധാരണ നടപടിക്രമങ്ങൾ പാലിച്ച് KMSCL മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്നും വ്യക്തത വരുത്തേണ്ടതുണ്ട്, അതാണ് സൂചിപ്പിച്ചത്.''