കൊച്ചി: കൊവിഡ് കാലത്ത് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണം വേണമെന്നും പമ്പയിൽ ഭക്തർക്ക് സ്നാനം അനുവദിക്കരുതെന്നും സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

പമ്പയിലെ കെട്ടു നിറ ചടങ്ങുകൾ അനുവദിക്കരുതെന്നും ശബരിമലയിലേക്കുള്ള പ്രവേശനം പൂർണമായി വെർച്വൽ ക്യൂ വഴിയാക്കണമെന്നും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. 60 വയസ്സ് കഴിഞ്ഞവരെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമായി വെർച്വൽ ക്യൂ ചുരുക്കണമെന്നും സ്പെഷ്യൽ കമ്മീഷണർ നിർദേശിക്കുന്നു. 

പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലിലും വിരി വയ്ക്കാൻ പാടില്ല. ബേസ് ക്യാംപായ നിലയ്ക്കലിൽ വച്ചു കൊവിഡ് പരിശോധിക്കണമെന്നും സന്നിധാനത്ത് അടക്കം എവിടെയും ക്യു അനുവദിക്കരുതെന്നും ക്യൂ വേണ്ടി വന്നാൽ തന്നെ കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സ്പെഷ്യൽ കമ്മീഷണർ നിർദേശിക്കുന്നു. 

തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും കൊവിഡ് ബാധിച്ചാൽ തുടർ നടപടി എങ്ങനെ വേണമെന്ന് ആലോചിക്കണമെന്നും റിപ്പോർട്ടിലുണ്ട്.  ഭക്തരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ ഒപ്പം വന്ന മറ്റ് ഭക്തരെ എന്ത് ചെയ്യണമെന്നതിലും വ്യക്തമായ പദ്ധതി വേണമെന്നും സ്പെഷ്യൽ കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു.