Asianet News MalayalamAsianet News Malayalam

ശബരിമല ഓഡിറ്റിംഗ് തുടങ്ങി; ജീവനക്കാർ ഞായറാഴ്ച ഓഫീസിലെത്തി രേഖകൾ ശരിയാക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്

ഓഡിറ്റിംഗ് നടക്കുന്നതിന് മുൻപ് ഞായാറാഴ്ച ഓഫീസിലെത്തി ജീവനക്കാർ രേഖകൾ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

sabarimala strong room checking started
Author
Pathanamthitta, First Published May 27, 2019, 10:17 AM IST

പത്തനംതിട്ട: ശബരിമലയിൽ വഴിപാട് കിട്ടിയ സ്വർണ്ണവും വെള്ളിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള ഓഡിറ്റിംഗ് തുടങ്ങി. സ്ട്രോങ്ങ് റൂം മഹസർ പത്തനംതിട്ട ദേവസ്വം എക്സിക്യുട്ടിവ് ഓഫീസിലെത്തിച്ചു. അതിനിടെ, ഓഡിറ്റിംഗ് നടക്കുന്നതിന് മുൻപ് ഞായാറാഴ്ച ഓഫീസിലെത്തി ജീവനക്കാർ രേഖകൾ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്ട്രോങ്ങ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക. ലഭിച്ച വഴിപാടില്‍ നാൽപ്പത് കിലോ സ്വർണ്ണവും നൂറ് കിലോയിലേറെ വെള്ളിയും കുറവുണ്ടോ എന്നാണ് പരിശോധിക്കുക. ഭക്തർ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നൽകിയ നാൽപ്പത് കിലോ സ്വർണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവ എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകൾ ചൂണ്ടികാട്ടുന്നത്.

എന്നാൽ ശബരിമല സ്വർണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനാണ് അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം നിലപാട് ബോർഡിന്‍റെ നിലപാട്. ശബരിമല സ്വർണ്ണത്തിൽ കുറവില്ലെന്ന് എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അക്കാര്യം പരിശോധനയിൽ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തർ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നൽകിയ നാൽപ്പത് കിലോ സ്വർണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവയാണ് സ്ട്രാംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 2017- മുതലുള്ള കണക്കുകളിലാണ് പൊരുത്തക്കേടുകൾ ഉള്ളത്. വഴിപാടായി ഭക്തർ ശബരിമല ക്ഷേത്രത്തിന്  നൽകുന്ന സ്വർണത്തിന്  3 എ രസീത് നൽകും. തുടന്ന് സ്വർണത്തിന്‍റെയും വെള്ളിയുടേയും അളവ് ശബരിമലയുടെ 4 ആം നമ്പർ  രജിസ്റ്ററിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ സ്വർണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ശബരിമല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താൽ അത് എട്ടാം കോളത്തിൽ രേഖപ്പെടുത്തണം എന്നുമാണ് വ്യവസ്ഥ.

എന്നാൽ, 40 കിലോ സ്വർണത്തിന്‍റെ കാര്യം രേഖകളില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയുടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലുള്ള  സ്ട്രോംഗ് റൂം മഹസർ പരിശോധിക്കുന്നത്. നാളെ സ്ട്രോംഗ് റൂം തുറന്ന് മഹസർ പരിശോധക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകി. സ്ട്രോംഗ് റൂം മഹസറിൽ ഈ സ്വർണം എത്തിയതിന് രേഖയില്ലെങ്കിൽ മാത്രമാകും സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. സ്ട്രോംഗ് റൂം ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

Follow Us:
Download App:
  • android
  • ios