സന്നിധാനം: കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്.

ഇന്ന് ഇനി പ്രത്യേക പൂജകളൊന്നും ഇല്ല. നാളെ രാവിലെ മുതൽ വിശേഷാൽ പൂജകൾ നടക്കും. കർക്കടകം ഒന്നായ ബുധനാഴ്ച രാവിലെ നടതുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. നാളെ മുതൽ 21-ാം തീയതി വരെ ഉദായാസ്തമന പൂജ, പുഷ്പാഭിഷേകം, എന്നിവയുണ്ടാകും. 

ഹൈക്കോടതി നിർദ്ദേശ പ്രകാരം നിലക്കലിൽ നിന്നും പമ്പയിലേക്ക് ഈ മാസം മുതൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. എന്നാൽ പമ്പയിൽ പാർക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഒരു എസ്പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാർക്കാണ് സുരക്ഷ ചുമതല. ജൂലൈ 21 ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് പൂജകൾ പൂർത്തിയാക്കി നടയടയ്ക്കുന്നത്.