പത്തനംതിട്ട:  സുപ്രീംകോടതി നിർദേശ പ്രകാരം നടത്തിയ ശബരിമല തിരുവാഭരണ പരിശോധന പൂർത്തിയായെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. തിരുവാഭരണത്തിന്‍റെ സുരക്ഷയിൽ തൃപ്തി ഉണ്ട്. ഉടൻ കോടതിക്ക് റിപ്പോർട്ട് നൽകും. തിരുവാഭരണത്തിന്‍റെ മാറ്റ് പരിശോധിച്ചത് യന്ത്ര സഹായത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കൽ ആദ്യ ഘട്ടത്തിൽ നടന്നത്. രാവിലെ പത്ത് മണിയോടെയാണ് തിരുവാഭരണ പരിശോധനക്കായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ എത്തിയത്. പന്തളം കൊട്ടാര നിർവ്വാഹക സംഘം ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പരിശോധന ആരംഭിച്ചു. 

സ്വർണ പണിക്കാരടങ്ങുന്ന സംഘമാണ് തിരുവാഭരണങ്ങൾ പരിശോധിക്കുന്നത്. പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ,ദേവസ്വം ബോർഡ് പ്രതിനിധി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന. തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ സുരക്ഷിതമല്ലന്ന് കൊച്ച് കോയിക്കൽ കൊട്ടാരം കോടതിയിൽ ആശങ്ക പങ്കുവെച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി പരിശോധനക്ക് നിർദ്ദേശം നൽകിയത്.