ഉടുപ്പഴിച്ച് കയറേണ്ട ക്ഷേത്രങ്ങളിൽ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികൾ; 'ക്ഷേത്രങ്ങളിൽ ആനയും വെടിക്കെട്ടും വേണ്ട'

ഉടുപ്പഴിച്ചേ പ്രവേശിക്കാവൂ എന്ന് നിർബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളിൽ പോകരുതെന്നും ആനയും വെടിക്കെട്ടും ഒഴിവാക്കണമെന്നും ശ്രീനാരായണ ധർമ സംഘം പ്രസിഡൻ്റ്

Sachidananda swamikal again asks devotees to not visit temple without wearing shirt

തിരുവനന്തപുരം: ഉടുപ്പഴിച്ചേ പോകാവൂ എന്ന് നിർബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളിൽ പോകേണ്ടെന്ന് വീണ്ടും സച്ചിദാനന്ദ സ്വാമികൾ. ക്ഷേത്രത്തിൽ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം സർക്കാർ സധൈര്യം എടുക്കണമെന്നും അതിന് തന്ത്രിമാരുടെ അനുവാദം കാത്തിരിക്കത്. ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് പറ‌ഞ്ഞു. ശിവഗിരി മഠത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി-മത-ദേശ ഭേദമന്യേ ശാസ്ത്ര യുഗത്തിൽ ജീവിക്കുന്ന പരിഷ്കൃത സമൂഹമെന്ന നിലയിൽ ദുരാചാരങ്ങളെ ഇല്ലാതാക്കാൻ കേരളത്തിലെ ജനങ്ങൾ സുധീരം മുന്നോട്ട് പോകണം. കാലോചിതമായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കണം. ധാർമ്മികമായ പരിഷ്കാരം നടപ്പാക്കാൻ സർക്കാരുകൾക്ക് സാധിക്കും. ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാൻ ഒരു തന്ത്രിയുടെയും അഭിപ്രായം ചോദിച്ചില്ല. അയിത്ത ജാതികളിൽ പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം എന്ന പിണറായി സർക്കാരിൻ്റെ തീരുമാനം നല്ലതായിരുന്നു. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം എന്നത് ഉചിതമായ തീരുമാനമാണ്. അത് ഇവിടെയുള്ള തന്ത്രിമാരുടെ അഭിപ്രായം തേടി എടുത്തതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഈ നിലപാട് മുൻപ് പറഞ്ഞപ്പോൾ ഇതൊക്കെ പറയാൻ ഇയാൾക്കെന്ത് അധികാരമെന്ന് ചോദിച്ചവരുണ്ട്. അത് അവരുടെ സംസ്കാരം എന്നാണ് താൻ പ്രതികരിച്ചത്. അവർ സ്വാമികളെന്നല്ല ഇയാൾ എന്നാണ് തന്നെ പരാമർശിച്ചത്. എന്നിട്ടും കേരളത്തിലെ ക്ഷേത്രങ്ങളിൽ ഈ പരിവർത്തനം നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാമെന്ന മാറ്റം പലയിടത്തും വന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വമാണ് ഈശ്വരീയത. ഈ നിലപാടിലൂന്നിയാണ് ശ്രീനാരായണ ഗുരുദേവൻ ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. ആനയും വെടിക്കെട്ടും വേണ്ടെന്ന് ഗുരുദേവൻ പ്രഖ്യാപിച്ചതാണ്. എന്നാൽ ഇന്നും ആ മാമൂലുകൾ പിന്തുടരുകയാണ്. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും കൊല്ലത്ത് പുറ്റിങ്ങലിലും ഉണ്ടായ അപകടങ്ങൾ മുന്നിലുണ്ട്. നാരായണ ഗുരു പറഞ്ഞത് നമ്മുടെ കോടതികൾ ആവർത്തിച്ച്  ആവശ്യപ്പെട്ടു. എന്നിട്ടും മാമൂൽ പയ്യൻമാർ വീണ്ടും വീണ്ടും കോടതികളിൽ കേസ് കൊടുത്ത് ഇത് നടപ്പാക്കാൻ ശ്രമിക്കുകയാണ്. തന്ത്രി അനുവദിക്കുന്നില്ലെന്നാണ് പലപ്പോഴും തടിതപ്പാനുള്ള കാരണമായി പറയുന്നതെന്നും എന്നാൽ ആനകളും വെടിക്കെട്ടും എത്രയെത്ര ജീവനുകൾ അപഹരിച്ചുവെന്നത് ഓ‍ർക്കണമെന്നും സച്ചിദാനന്ദ സ്വാമികൾ പറ‌ഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios