താത്കാലിക തിരിച്ചടി ഉണ്ടായാലും ഇന്ത്യ മുന്നണി ഇന്ത്യയെ മോചിപ്പിക്കുമെന്നും അടുത്ത തെരെഞ്ഞെടുപ്പിലും ബിജെപി എന്ന് കണക്കു കൂട്ടേണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം: കേരളത്തിലേത് ദുർഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് മലപ്പുറത്തു നടത്തുന്ന യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായെന്നും ആരോഗ്യ മേഖല രോഗ ഗ്രസ്തമായി മാറിയിരിക്കുന്നുവെന്നും ആരോപിച്ച അദ്ദേഹം ഈ ദുർഭരണത്തിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ ബസ് യാത്ര ദുരന്തമായി മാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഭരിക്കുന്നവർ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ബസിൽ യാത്ര ചെയ്ത മന്ത്രിമാർ പോയിടത്തൊക്കെ കലാപം ഉണ്ടാവുന്നു. അവരാണ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രതിഷേധിക്കുന്നവർക്ക് പോലും തലോടലായിരുന്നുവെങ്കില്‍ പ്രതിഷേധിക്കുന്നവരെ ഇപ്പോൾ പോലീസും പാർട്ടിക്കാരും തല്ലുന്നുവെന്നുംപ്രതിഷേധിക്കുന്നവർ ഒടുവില്‍ സ്വന്തം നിലക്ക് രക്ഷതേടാൻ തുടങ്ങിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണരും ഭരണക്കാരും ചേർന്ന് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഗവർണറെ കാണാൻ തിരുവനന്തപുരത്തിന് പകരം മിഠായി തെരുവിലാണ് പോകേണ്ടത്. ദുർഭരണക്കാരെ ജനം വലിച്ചെറിയുമെന്നും യുഡിഎഫിനെ ജനങ്ങൾ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക തിരിച്ചടി ഉണ്ടായാലും ഇന്ത്യ മുന്നണി ഇന്ത്യയെ മോചിപ്പിക്കും. അടുത്ത തെരെഞ്ഞെടുപ്പിലും ബിജെപി എന്ന് കണക്കു കൂട്ടേണ്ട. കൂട്ടായി നിന്നാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
