നാളെ വൈ​കു​ന്നേ​രം മൂ​ന്ന് മണിക്ക് നിശ്ചയിച്ചിരുന്ന ‘കു​ട്ടി​ക​ളും പൗ​ര​രാ​ണ്’ എന്ന ച​ർ​ച്ച​യാണ് ഒഴിവാക്കിയത്.

‌തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവ ചര്‍ച്ചയില്‍ നിന്ന് ശിശു ക്ഷേമ സമിതി മുൻ ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഷിജുഖാനെ ഒഴിവാക്കി. തിരുവനന്തപുരത്തെ അനുപമയുടെ ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ അനുപയും സഹ പാനലിസ്റ്റും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അക്കാദമിയുടെ നടപടി. സാഹിത്യോത്സവത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താൽപ്പര്യമില്ലാത്തത് കൊണ്ടാണ് ഷിജു ഖാൽ മോ‍ഡറേറ്റ് ചെയ്യാനിരുന്ന സെഷൻ ഒഴിവാക്കുന്നതെന്ന് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദന്‍ പറഞ്ഞു.

നാളെ വൈകുന്നേരം മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന കുട്ടികളും പൗരന്മാരാണ് എന്ന സാഹിത്യോത്സവ പാനല്‍ ചര്‍ച്ചയില്‍ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് ശിശു ക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഷിജുഖാനെ ആയിരുന്നു. പിന്നാലെ നടപടി ക്രമങ്ങള്‍ പാലിക്കാതെ തന്‍റെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ ഷിജുഖാന്‍ ഇടപെട്ടെന്നും ഇത് ചോദിച്ച തന്നെ വഴി തിരിച്ചു വിട്ട ആളാണ് ഷിജു ഖാനെന്നും കുഞ്ഞിന്‍റെ അമ്മ അനുപമ ആരോപണയുമര്‍ത്തി. ഷിജുഖാന്‍ ചര്‍ച്ചയ്ക്കെതിയാല്‍ പ്രതിഷേധിക്കുമെന്ന് പരിപാടിയിലെ സഹ പാനലിസ്റ്റ് കുക്കു ദേവകിയും വ്യക്തമാക്കിയിരുന്നു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ ഷിജുഖാനൊപ്പം വേദി പങ്കിടാനില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രതിഷേധത്തില്‍ ഒപ്പം ചേരുമെന്ന് ചില സംഘടനകള്‍ കൂടി അറിയിച്ചതോടെയാണ് അക്കാദമി പരിപാടി തന്നെ ഉപേക്ഷിച്ചത്. വ്യാജ രേഖ ഉണ്ടാക്കി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കി എന്ന സംഭവത്തില്‍ ഷിജുഖാനും അനുപമയുടെ അച്ഛനായ സിപിഎം പ്രാദേശിക നേതാവിനുമെതിരെ അന്വേഷണം നടന്നിരുന്നു. നേരത്തെ സാഹിത്യോത്സവത്തില്‍ സ്ത്രീ പീഡന ആരോപണം ഉയര്‍ന്നവരെ പങ്കെടുപ്പിക്കുന്നതിനെതിരെ എഴുത്തുകാര്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെ അവരെ അക്കാദമിക്ക് പിന്‍വലിക്കേണ്ടിയും വന്നിരുന്നു. അതിനുശേഷമാണ് ഇങ്ങനെ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം നേതാവിന്‍റെ പാനല്‍ ചര്‍ച്ച ഒഴിവാക്കുന്നത്. 

YouTube video player