തൃശൂര്‍: തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ തൃശൂർ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച അശ്വിൻ കൃഷ്ണയുടെ ബന്ധുക്കളിൽ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. സ്കൂൾ അധികൃതരിൽ നിന്ന് വരും ദിവസങ്ങളിൽ വിവരങ്ങൾ തേടും. 

മൊബൈൽ ഉപയോഗിച്ചുവെന്നാരോപിച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയതിന്റെ മനോവിഷമത്തിലാണ് അശ്വിൻ കൃഷ്ണ തൂങ്ങി മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഹോസ്റ്റലിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ അശ്വിൻ ഉൾപ്പെടെ എട്ട് കുട്ടികൾക്കെതിരെ സ്കൂൾ നടപടി എടുത്തിരുന്നു. മകൻ നിരപരാധിയാണെന്നും കൃത്യമായ അന്വേഷണം നടത്താതെ പുറത്താക്കിയതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് ആരോപണം. 

അശ്വിന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ, അമ്മ നിത, സഹോദരി, മുത്തച്ഛൻ എന്നിവരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. വരും ദിവസങ്ങളിൽ തിരുവനന്തപുരത്തെ സ്കൂളിൽ പോയി അധികൃതരിൽ നിന്ന് മൊഴിയെടുക്കാനാണ് നീക്കം. കൂടാതെ അശ്വിന്റെ സഹപാഠികളിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് 16കാരനായ അശ്വിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.