കേന്ദ്ര അവഗണനക്കെതിരായ മുഖ്യമന്ത്രിയുടെ സത്യാഗ്രഹം കാപട്യവും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കോമഡിയുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുമ്പോഴൊക്കെ ദില്ലിയിലെത്തി പ്രധാനമന്ത്രി മോദിയെയും , ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹ സമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
കേരളത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തില്‍ നിന്നും പിടിച്ചുവാങ്ങാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിൽ അമ്പേ പരാജയമായിരുന്നു പിണറായി സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎംശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ദില്ലിയിൽ പോയി പഞ്ചപുഛമടക്കി ഒപ്പുവച്ചു തിരിച്ചുപോന്നു. കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടേത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിനുള്ള തിരിച്ചടി തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയപ്പോഴാണ് ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയത്. പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിനു പിന്നിൽ. അല്ലാതെ കേരളത്തോടുള്ള സ്‌നേഹമല്ലെന്നും ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നും ജനങ്ങള്‍ ഈ സര്‍ക്കാരിനെ തൂത്തെറിയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


