നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ ഷൈമയും ഒരാഴ്ചയ്ക്ക് ശേഷം സജീറും ജീവനൊടുക്കിയതിൻ്റെ ഞെട്ടലിലാണ് തൃക്കലങ്ങോട് ഗ്രാമം

മലപ്പുറം: മലപ്പുറം കാരക്കുന്നിൽ ഷൈമയുടെയും സജീറിൻ്റെയും മരണം നാടിന് തീരാനൊമ്പരം. നിക്കാഹ് നടന്ന് മൂന്നാം നാൾ ഷൈമയും ഒരാഴ്ചക്കിപ്പുറം ആൺസുഹൃത്ത് സജീറിൻ്റെയും മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. ഇരുവരുടെയും പ്രണയം നിരാകരിച്ചുകൊണ്ട് മറ്റൊരാളുമായി ഷൈമയുടെ വിവാഹമുറപ്പിച്ചത് ഇത്രയും വലിയ ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

വിവാഹം നിശ്ചയിച്ച് മൂന്നാം നാളാണ് തൃക്കലങ്ങോട് സ്വദേശിയായ 18കാരി ഷൈമ സിനിവർ ജീവനൊടുക്കിയത്. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാൻ ഇരിക്കെയായിരുന്നു മരണം. ഇതേ ദിവസം തന്നെ സജീറിനെയും വീടിനുള്ളിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അത്യാസന്ന നിലയിലായിരുന്ന സജീറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആത്മഹത്യ പ്രവണതയുള്ളതിനാൽ ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു സജീർ. 

Read more: നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ഇന്നലെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും സജീർ കടന്നു കളഞ്ഞു. പിന്നീട് എടവണ്ണ പുകമണ്ണയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൈമയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും മരണത്തിൽ ആർക്കും പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല. സജീറുമായുയുള്ള ബന്ധം നിരാകരിച്ചതിലുള്ള വേദനയാണ് ആത്മഹത്യക്ക് പിന്നിലൊന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)