വിവാദങ്ങളുടെ തോഴനായ സജി ചെറിയാന് ഒരിക്കല്‍ മന്ത്രി സ്ഥാനം വരെ രാജിവെക്കേണ്ടി വന്നു. സ്വന്തം സര്‍ക്കാരിനെ വരെയും വെട്ടിലാക്കുന്നതായിരുന്നു പല വിഷയങ്ങളിലെയും സജി ചെറിയാന്‍റെ പ്രതികരണങ്ങള്‍.
തിരുവനന്തപുരം: വാവിട്ട വാക്കിന്‍റെ പേരില്‍ ഒരിക്കല്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്‍ എന്നും വിവാദങ്ങളുടെ തോഴനാണ്. ഭരണഘടന, സില്‍വര്‍ ലൈന്‍, തമിഴ്നാട് അരി, സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതി എന്നിവയിൽ സജി ചെറിയാന്‍റെ പ്രതികരണങ്ങള്‍ സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കി.
മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയത് 2022 ജൂലൈയില്‍ മല്ലപ്പള്ളിയിലെ സിപിഎമ്മിന്‍റെ പരിപാടിയിലാണ്. പ്രതിഷേധമുയര്‍ന്നതോടെ മന്ത്രിസ്ഥാനം തെറിച്ചു. മാസങ്ങള്‍ക്കിപ്പുറം ഭരണഘടനയെ അവഹേളിച്ചതിന് തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍റെ ബലത്തില്‍ മന്ത്രി പദവിയില്‍ തിരിച്ചെത്തി. കേരളത്തില്‍ കൃഷി ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന പ്രതികരണവും കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായി. വകുപ്പ് ഭരിക്കുന്ന സിപിഐയും മന്ത്രിക്കെതിരെ രംഗത്തെത്തി.
സില്‍വര്‍ ലൈനില്‍ ബഫര്‍സോണ്‍ ഇല്ലെന്ന വാദവും വിമര്‍ശിക്കപ്പെട്ടു. പാതയുടെ ഇരുവശവും 10 മീറ്റര്‍ വീതം ബഫര്‍സോണ്‍ ഉണ്ടെന്ന് റെയില്‍വേ വിശദീകരിച്ചെങ്കിലും നിലപാടില്‍ സജി ചെറിയാന്‍ ഉറച്ചു നിന്നു. ഒടുവില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടതോടെ തിരുത്തി. അനധികൃത ദത്തുനല്‍കല്‍ കേസില്‍ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ നടത്തിയ പ്രതികരണവും സജി ചെറിയാനെ വിവാദക്കൂട്ടിലാക്കി. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ സജി ചെറിയാന്‍ മലക്കം മറിഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തില്‍ സംശയമുന്നയിച്ചും സ്വന്തം സര്‍ക്കാരിനെ വെട്ടിലാക്കി. പത്താം ക്ലാസ് പാസായ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു തുറന്നുപറച്ചില്‍. വകുപ്പ് മന്ത്രിയായ വി ശിവന്‍കുട്ടിയെ പ്രതിരോധത്തിലാക്കിയ പ്രതികരണത്തില്‍ നിലപാട് മാറ്റാന്‍ സജി ചെറിയാന്‍ തയാറായില്ല. ബംഗാളി നടി നല്‍കിയ പരാതിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനെ പിന്തുണച്ചുളള പ്രതികരണം മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് വരെ കാരണമായി. ഒടുവില്‍ മാധ്യമങ്ങള്‍ വാക്കു വളച്ചൊടിച്ചെന്ന് പറഞ്ഞ് മന്ത്രി തടിതപ്പുകയായിരുന്നു.



