ഇത്തരം വിഷയങ്ങൾ മുൻപും സെക്രട്ടറിമാർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

ആലപ്പുഴ: പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എംവി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും രണ്ട് വാർത്ത വന്നാൽ പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ശുദ്ധനമായ മനുഷ്യനാണ് ഗോവിന്ദൻ മാഷ്. സത്യസന്ധനായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. പാർട്ടി സെക്രട്ടറിയായപ്പോള്‍ അല്ലെ ആരോപണം വന്നത്. പാർട്ടി സെക്രട്ടറിയായതാണ് പ്രശ്നം. പാർട്ടി സെക്രട്ടറിയായ ആരെയും നിങ്ങൾ ടാർഗറ്റ് ചെയ്യും. അർഥമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. 

ഒരു കണ്ടന്‍റും അതിലില്ല. എന്നിട്ട് ഒരു പത്രത്തിന്‍റെ അഞ്ചു പേജ് ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ഇതൊക്കെ ഉള്ളി തൊലിപൊളിച്ച്‌ കളയുന്നതുപോലെ ഉള്ളു. പാർട്ടി സെക്രട്ടറിയായത് കൊണ്ടാണ് ഗോവിന്ദൻ മാഷ് ആക്രമിക്കപ്പെടുന്നത്. ഇത്തരം വിഷയങ്ങൾ മുൻപും സെക്രട്ടറിമാർക്കെതിരെ ഉണ്ടായിട്ടുണ്ട്. പിണറായി മന്ത്രി ആയിരുന്നപ്പോൾ മികച്ച മന്ത്രിയായി പേരെടുത്തിരുന്നു. എന്നാൽ, പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയപ്പോൾ വലിച്ചു കീറി ഒട്ടിച്ചു. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി ആയപ്പോഴും ആക്രമിച്ചു. അദ്ദേഹത്തിന്‍റെ മകൻ മികച്ച കലാകാരനാണ് . അദ്ദേഹത്തെയും നശിപ്പിക്കരുത്. വഴിയിൽ പോകുന്നവർ അയക്കുന്ന കത്ത് ചോർത്തികൊടുക്കുന്നത് അല്ല എംഎ ബേബിയുടെ പണിയെന്നും സജി ചെറിയാൻ പറഞ്ഞു.