അനുനയ നീക്കവുമായി സർക്കാർ; വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി
അതിനിടെ സർക്കാരിനെതിരെ വിമർശനവുമായി വീണ്ടും ലത്തീൻ സഭ വികാരി ജനറൽ യൂജിൻ പെരേര രംഗത്ത് വന്നു

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീൻ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. വികാരി മോൺസിംഗർ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു. ലത്തീൻ സഭ ഉന്നയിച്ച ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ലത്തീൻ സഭ നേതൃത്വം ഉടക്കിട്ട് നിൽക്കുമ്പോഴാണ് മന്ത്രി നേരിട്ട് ഇടവക പള്ളി വികാരിയുമായും ഭാരവാഹികളുമായും ചർച്ച നടത്തിയത്.
മന്ത്രി ചടങ്ങിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും പങ്കെടുക്കണോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ഇടവക വികാരി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയിൽ നിന്നും അനുകൂലമായ സമീപനമാണ് ഉണ്ടായത്. തങ്ങൾ വികസനത്തിന് എതിരല്ല. എന്നാൽ ജനത്തിന്റെ ആവശ്യം പരിഗണിക്കണം. മന്ത്രിയുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാൻ, ക്ഷണം അറിയില്ല'; ഫാ.യൂജിൻ പെരേര
അതിനിടെ സർക്കാരിനെതിരെ വിമർശനവുമായി വീണ്ടും ലത്തീൻ സഭ വികാരി ജനറൽ യൂജിൻ പെരേര രംഗത്ത് വന്നു. ലതീൻ സഭ ഒരിക്കലും വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം, വിഴിഞ്ഞം വലിയ വികസന പദ്ധതി എന്ന് തുടക്കം മുതൽ സർക്കാർ പറഞ്ഞെങ്കിലും തീരശോഷണ പഠനം ഒന്നുമായില്ലെന്ന് കുറ്റപ്പെടുത്തി.
സർക്കാർ പറഞ്ഞ സമയ പരിധി കഴിഞ്ഞുവെന്ന് യൂജിൻ പെരേര പറഞ്ഞു. ഒരു ഹിയറിങ് മാത്രമാണ് ആകെ നടന്നത്. സമര കാലത്ത് സംസ്ഥാന സർക്കാർ നൽകിയത് 7 വാഗ്‌ദാനങ്ങളാണ്. ഈ ഉറപ്പിൽ നിന്ന് ലവലേശം മുന്നോട്ട് പോയിട്ടില്ല. ചിപ്പി തൊഴിലാളികൾക്ക് നൽകാം എന്നു പറഞ്ഞ നഷ്ട പരിഹാരം നൽകിയില്ല. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടി ഇടാൻ ഉള്ള നടപടി. പുലി മുട്ട് നിർമ്മാണം പൂർത്തിയാകും മുൻപ് ആഘോഷം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇപ്പോൾ നടക്കുന്നത് മാമാങ്കമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിമർശനം. ചടങ്ങിലേക്ക് സഭയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ആകെ നാല് ക്രെയിനുകൾ മാത്രമാണ് വന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനത്തിന് ഒരുപാട് സംശയങ്ങളുണ്ട്. സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണ്. ചടങ്ങിലേക്ക് ലത്തീൻ സഭയെ ക്ഷണിച്ചാലും പങ്കെടുക്കില്ല. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്. ജീവന് വില കൽപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും യൂജിൻ പെരേര ആവശ്യപ്പെട്ടു.