Asianet News MalayalamAsianet News Malayalam

ഫസ്റ്റ് വിക്കറ്റ്; രണ്ടാം പിണറായി സർക്കാറിലെ ആദ്യ രാജിയായി സജി ചെറിയാൻ

എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം.

Saji Cheriyan first resigned Minister in Second Pinarayi Givernment
Author
Thiruvananthapuram, First Published Jul 6, 2022, 6:25 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികം ആഘോഷിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ മന്ത്രിസഭയിലെ ആദ്യ രാജി. വിവാദമായ ഭരണഘടന പരാമർശത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രിയായ സജി ചെറിയാൻ സ്ഥാനമൊഴിഞ്ഞത്. വലിയ വിവാദങ്ങളില്ലാതെ പോകുകയായിരുന്ന സർക്കാറിന് പ്രതിസന്ധികൾ അപ്രതീക്ഷിതമായാണ് തുടർവിവാദങ്ങൾ ഉയർന്നത്. സ്വപ്നയുടെ ആരോപണങ്ങളിലൂടെ സ്വർണക്കടത്ത് വിവാദം ചൂടുപിടിച്ചതിന് പിന്നാലെ എസ്എഫ്ഐ രാഹുൽ ​ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിന് നേരെയുള്ള ആക്രമണവും പിസി ജോർജിന്റെ അറസ്റ്റുമുണ്ടാക്കിയ പുകിലുമടങ്ങും മുമ്പാണ് ഏറെ വിവാദമായ പരാമർശം സജി ചെറിയാൻ നടത്തിയത്. 

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.

'രാജി സ്വതന്ത്രമായ എന്റെ തീരുമാനം, അത് അറിയിക്കേണ്ടവരെ അറിയിച്ചു': സജി ചെറിയാൻ  

എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയിൽ അഭിപ്രായങ്ങൾ ആദ്യം ഉയര്‍ന്നു . രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

നടപടി വൈകുന്നതിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു, മന്ത്രിയോട് രാജി ആവശ്യപ്പെട്ടത് കോടിയേരി

വിഷയം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ആദ്യം മന്ത്രി എത്തിയിരുന്നില്ല. പിന്നീട് യോഗത്തിലേക്ക് വിളിപ്പിച്ചതോടെ, വി.എൻ.വാസവന് ഒപ്പം സജി ചെറിയാൻ എത്തി. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം. സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു.വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. അതേസമയം മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നത്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും അനാവശ്യ വിവാദത്തിലൂടെ സംസ്ഥാന സർക്കാരിനെയടക്കം പ്രതിസന്ധിയിലാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; 'വാവിട്ട വാക്ക്' വിനയായി, സജി ചെറിയാന്‍ പുറത്ത്

രാജിയോടെ‌യായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ തുടക്കം. ബന്ധുനിയമന വിവാദത്തിൽപ്പെ‌ട്ട് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് ആദ്യം പ‌ടിയിറങ്ങേണ്ടി വന്നു. സർക്കാറിന്റെ മധുവിധു അവസാനിക്കും മുമ്പ് തന്നെ രണ്ടാമൻ പുറത്തായത് തിരിച്ചടിയായെങ്കിലും സത്യസന്ധത കാത്തുസൂക്ഷിച്ചെന്ന അനുമോദനവുമുണ്ടായി. തൊട്ടടുത്ത വർഷം എ കെ ശശീന്ദ്രനായിരുന്നു ഊഴം. വിവാദമായ ഫോൺകെണിയിൽ കെഎസ്ആർടിസി മന്ത്രിയായിരുന്ന ശശീന്ദ്രനും തെറിച്ചു. പകരം മന്ത്രിയായ തോമസ് ചാണ്ടിക്കും അധികം കസേരയിലിരിക്കാനായില്ല. ഭൂമി വിവാ​ദത്തിൽപ്പെട്ട അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് ജെഡ‍ിഎസ് ധാരണപ്രകാരം മാത്യു ടി തോമസ് രാജിവെച്ച് കെ കൃഷ്ണൻകുട്ടി മന്ത്രിയായി. സർക്കാറിന്റെ അവസാനകാലത്താണ് അടുത്ത രാജി. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി. ജലീൽ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ ടി ജലീൽ 2021 ഏപ്രിൽ 13ന് രാജിവച്ചു. 

Follow Us:
Download App:
  • android
  • ios