ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആർടിസി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും സർക്കാരിനെ സമീപിച്ച് കെഎസ്ആർടിസി (KSRTC). ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആർടിസി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻ്റണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചിരുന്നു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചു.
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വരുമാനം
വിവാദങ്ങള്‍ക്കിടയിലും കെ സ്വിഫ്റ്റ് (Best Collection For KSRTC Swift) മികച്ച വരുമാനവുമായ് കുതിക്കുന്നു. 30 ബസുകള്‍ മാത്രമാണ് സര്‍വ്വീസ് തുടങ്ങിയതെങ്കിലും ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. പുതിയ ബസ്സുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി.
ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍. പുത്തന്‍ ബസ്സുകള്‍ക്ക് പലതിനും ഇതിൽ കേടുപാടുകൾ പറ്റി. പരിചയക്കുറവുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്‍റെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച് 30 ബസ്സുകളാണ് ഇതുവരെ സര്‍വീസിനിറങ്ങിയത്.
കഴിഞ്ഞ മാസം പതിനൊന്നിനാരംഭിച്ച കെ സ്വിഫ്റ്റ് 10 ദിവസം പിന്നിടുമ്പോള്‍ 61 ലക്ഷം രൂപ വരുമാനമാണ് നേടിയത്. പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത്. എട്ട് എസി സ്ളീപ്പര്‍ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപ. പെര്‍മിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടന്‍ സര്‍വ്വീസിനിറക്കും. ഇതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടന്‍ കെ സ്വിഫ്റ്റിന്‍റെ ഭാഗമാകും.
