സമസ്ത-സിഐസി തർക്ക പരിഹാര ഫോർമുല സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. സമസ്ത നിർദേശങ്ങൾ സെനറ്റ് അംഗീകരിച്ചു. സെനറ്റ് മുന്നോട്ട് വച്ച നിർദേശങ്ങൾ സമസ്ത ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മലപ്പുറം: ഏറെ കാലമായി നിന്നിരുന്ന സമസ്ത-സിഐസി തർക്കം തീരുന്നു. സമസ്ത-സിഐസി തർക്ക പരിഹാര ഫോർമുല സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. നിർദേശങ്ങൾ സെനറ്റ് അംഗീകരിച്ചു. സെനറ്റ് മുന്നോട്ട് വച്ച നിർദേശങ്ങൾ സമസ്ത ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ജൂൺ ഒന്നിനാണ് പ്രശ്ന പരിഹാരമെന്ന നിലയിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സമസ്ത നേതാക്കളും തമ്മിൽ ചർച്ച നടത്തിയത്. പ്രശ്ന പരിഹാരത്തിനായി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഇന്ന് പാണക്കാട് നടന്ന സിഐസിയുടെ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയായിരുന്നു. സിഐസി പ്രവർത്തക സമിതിയിൽ നിന്ന് 119 പേർ രാജിവച്ച തീരുമാനം സെനറ്റ് റദ്ദാക്കി, ഹബീബുല്ല ഫൈസിയെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി സെനറ്റ് പാസാക്കി. കൂടാതെ ഹക്കീം ഫൈസിയുടെ രാജി സെനറ്റ് അംഗീകരിക്കുകയും ചെയ്തു. സെനറ്റ് യോഗത്തിൽ 3 പ്രമേയങ്ങൾ പാസാക്കി. സിഐസി സ്ഥാപന നടത്തിപ്പിനെ ബാധിക്കുന്ന ബാഹ്യ ഇടപെടൽ ഉണ്ടാകരുത്, ഹക്കീം ഫൈസിക്ക് എതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവില്ല, കൂടാതെ വാഫി - വാഫിയ്യ സിലബസുമായി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതവുമാണ്. ഇതെല്ലാം പിൻവലിക്കണമെന്നുമാണ് പ്രമേയത്തിലുള്ളത്.
ഇതെല്ലാം നാളെ ചേരുന്ന സമസ്തയുടെ മുശാവറ യോഗത്തിൽ അവതരിപ്പിക്കും. ഏറെ കാലമായി നിലനിന്നിരുന്ന സമസ്ത-സിഐസി പ്രശ്നം ഇതോടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

