പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

കോഴിക്കോട്: ലോക്സഭാ തെര‌‌ഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് മുസ്ലീം ലീഗ്. മൂന്നാം സീറ്റിൽ നല്ല തീരുമാനം ഉണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ്‌ അലി തങ്ങൾ ദുബായിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. സീറ്റ് തർക്കത്തിലെ പരിഹാരത്തിന് വേണ്ടിയാണ് കോൺഗ്രസുമായി ചർച്ചകൾ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പൊന്നാനി സീറ്റിൽ ഇടത് സ്ഥാനാർത്ഥിക്ക് സമസ്ത പിന്തുണയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ സാദിഖ്‌ അലി തങ്ങൾ തയ്യാറായില്ല.