സമസ്തയുടെ വിലക്ക് ലംഘിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിട്ടത്

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയിൽ സമസ്ത. വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന - വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ കോഴിക്കോട് ചേരും. രാവിലെ 11മണിക്കാണ് യോഗം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കൾ നേരിട്ട് അറിയിച്ചിട്ടുണ്ട്.

ഹക്കീം ഫൈസി അദൃശ്ശേരിയെ ബഹിഷ്കരിക്കുമെന്ന് സമസ്ത യുവജനവിഭാഗം

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയെ പുറത്താക്കിയിരുന്നു. ഇദ്ദേഹവുമായി ഒരു തരത്തിലുമുള്ള സഹകരണം വേണ്ടെന്നായിരുന്നു സമസ്തയുടെ നിര്‍ദേശം. നാദാപുരത്ത് വാഫി കോളേജ് ഉദ്ഘാടന പരിപാടിയില്‍ അദൃശ്ശേരി പങ്കെടുക്കുന്നതിനാല്‍ സാദിഖലി തങ്ങളോട് പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദൃശ്ശേരിയുമായി നേതാക്കളാരും വേദി പങ്കിടരുതെന്ന് കാട്ടി സമസ്തയുടെ യുവജന സംഘടനകളായ എസ് വൈ എസും എസ് കെ എസ് എസ് എഫും പ്രസ്താവനയുമിറക്കി. 

ഈ വിലക്കിനെയൊക്കെ മറികടന്നാണ് എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ സാദിഖലി തങ്ങള്‍ നാദാപുരം വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വാഫി കോളേജ് ഉദ്ഘാടന പരിപാടിയില്‍ അദൃശ്ശേരിക്കൊപ്പം പങ്കെടുത്തത്. ഇത് സമസ്തക്ക് കനത്ത തിരിച്ചടിയായി. അദൃശ്ശേരി പരിപാടിക്കെത്തില്ലെന്ന് കരുതിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയതെന്നാണ് സാദിഖലി തങ്ങള്‍ സമസ്തയെ അറിയിച്ചത്.

'ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയം, എന്ത് ചർച്ച ചെയ്തുവെന്ന് വെളിപ്പെടുത്തണം', രൂക്ഷ വിമർശനവുമായി സമസ്ത

സാദിഖലി തങ്ങളുടെ ഈ വിശദീകരണത്തില്‍ സമസ്ത നേതാക്കള്‍ തൃപ്തരല്ല. വിഷയം ചര്‍ച്ച ചെയ്യാനായി നാളെ രാവിലെ 11 മണിക്ക് എസ് വൈ എസും, എസ് കെ എസ് എസ് എഫും സംയുക്ത യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സാദിഖലി തങ്ങളുടെ നടപടി പാര്‍ട്ടിയും സമസ്തയുമായുള്ള ബന്ധത്തെയും ബാധിക്കും. നേരത്തെ തന്നെ വഖഫ് സമരമടക്കം വിഷയങ്ങളിൽ മുസ്ലിം ലീഗും സമസ്തയും തമ്മിൽ അകല്‍ച്ചയിലായിരുന്നു.