കൊച്ചി: കൊവിഡിനെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ നാവികസേന കപ്പൽ ഐഎൻഎസ് ജലാശ്വ യാത്ര തിരിച്ചു. സമുദ്രസേതു ദൗത്യം രണ്ടാം ഘട്ടമായാണ് യാത്ര തിരിച്ചത്. നാളെ രാവിലെ കപ്പൽ മാലി തുറമുഖത്ത് എത്തിച്ചേരുമെന്നാണ് കരുതുന്നത്.

നാളെ രാത്രി തന്നെ കപ്പൽ തിരികെ കൊച്ചിയിലേക്ക് യാത്ര തിരിക്കും. 700 പേരെ തിരികെ കൊച്ചിയിലെത്തിക്കും. ആദ്യയാത്രയിൽ 698 പേരെയാണ് കപ്പൽ കൊച്ചിയിലെത്തിച്ചത്. ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം കപ്പൽ പൂർണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് രണ്ടാം ദൗത്യത്തിനായി യാത്ര ആരംഭിച്ചിരിക്കുന്നത്.

നാളെ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നവരിൽ നൂറോളം പേർ സ്ത്രീകളും കുട്ടികളുമായിരിക്കുമെന്നാണ് വിവരം. മുഴുവൻ യാത്രക്കാരുടെയും വൈദ്യ പരിശോധന നടത്തിയ ശേഷമേ ഇവരെ കപ്പലിലേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരുടെ ബാഗുകളും പൂർണ്ണമായും അണുവിമുക്തമാക്കിയ ശേഷമാകും കപ്പൽ യാത്ര പുറപ്പെടുക.